
ലോക സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൈഫൈ-ആക്ഷൻ അഡ്വെഞ്ചർ സിനിമാ പരമ്പരയായ പ്രെഡറ്ററിന്റെ പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇത്തവണ ലൈവ് ആക്ഷൻ ചിത്രമായല്ല, മറിച്ച് ആനിമേറ്റഡ് പതിപ്പാകും റിലീസിനെത്തുന്നത്. 1987ൽ റിലീസ് ചെയ്ത ആദ്യ പ്രെഡറ്റർ ചിത്രം ഹോളിവുഡ് പോപ്പ് കൾച്ചറിന്റെ ഒഴിച്ച് കൂട്ടാനാവാത്ത ഭാഗമാണ്.
പരമ്പരയിലെ ആറാമത്തെ ചിത്രമായ പ്രെഡറ്റർ : കില്ലർ ഓഫ് ദി കില്ലേഴ്സ് സംവിധാനം ചെയ്തിരിക്കുന്നത് ഡാൻ ട്രാച്ച്ടെൻബെർഗാണ്. ടീസറിൽ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ നിൻജ പോരാളികളും, വൈക്കിങ്ങുകളും, വാർ പൈലറ്റുമാരും കേന്ദ്ര കഥാപാത്രങ്ങളായ പ്രെഡറ്ററുകളുമായി നടത്തുന്ന പോരാട്ടങ്ങൾ ആണ് കാണിച്ചിരിക്കുന്നത്.
ലോകമെങ്ങും തരംഗമായി മാറിയ നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് സീരീസായ ആർക്കേനിന്റെ അനിമേഷൻ ശൈലിയുമായി പുതിയ പ്രെഡറ്റർ ചിത്രത്തിന് സാമ്യമുണ്ട് എന്നാണ് ആരാധകർ ടീസറിനോട് പ്രതികരിച്ചത്. ഹുളുവിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ടീസർ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
അവസാനമായി റിലീസ് ചെയ്ത് വമ്പൻ വിജയം നേടിയ പ്രെഡറ്റർ ചിത്രമായ ‘പ്രേ’യും ഇതേപോലെ ഒരു പ്രീക്വൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. പ്രേയുടെ രണ്ടാം ഭാഗവും ഇപ്പോൾ ആലോചനയിലുണ്ട്. പ്രേയും സംവിധാനം ചെയ്തത് ഡാൻ ട്രാച്ച്ടെൻബെർഗായിരുന്നു. പ്രെഡറ്റർ : കില്ലർ ഓഫ് ദി കില്ലേഴ്സ് ജൂൺ 6ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.