ബാറ്റർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയും തഹ്‌ലിയ മഗ്രാത്തും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു.
വനിതാ ടി20 ക്രിക്കറ്റ് ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാനക്കും രേണുക സിങ് താക്കൂറിനും മുന്നേറ്റം. ബാറ്റർമാരിൽ മന്ദാന നാലാം സ്ഥാനത്തേക്കും ബൗളർമാരിൽ താക്കൂർ അഞ്ചാം സ്ഥാനത്തേക്കും കയറി. ഏഷ്യാ കപ്പിലെ മിന്നുന്ന പ്രകടനമാണ് ഇരുവർക്കും തുണയായത്. ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന 743 പോയിന്റോടെയാണ് നാലാമതെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ മന്ദാന 60 റൺസെടുത്തിരുന്നു.
രേണുക സിങ് ഠാക്കൂറിൻ്റെ തകർപ്പൻ പ്രകടനത്തോടെ തിളങ്ങിയിരുന്നു. ടൂർണമെന്റിൽ രേണുക ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് രേണുക അഞ്ചാം (722 പോയിന്റ്) സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിൻ്റെ സോഫി എക്ലെസ്റ്റോൺ, സാറാ ഗ്ലെൻ, ഇന്ത്യയുടെ ദീപ്തി ശർമ്മ, പാക്കിസ്ഥാൻ്റെ സാദിയ ഇഖ്ബാൽ എന്നിവരാണ് മുന്നിൽ. ഏഴു സ്ഥാനങ്ങൾ കയറി 13-ാം സ്ഥാനത്തെത്തി രാധാ യാദവും ശ്രദ്ധേയമായ മുന്നേറ്റം നടത്തി.
ബാറ്റർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയും തഹ്‌ലിയ മഗ്രാത്തും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇൻഡീസിൻ്റെ ഹെയ്‌ലി മാത്യൂസ് മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ് അഞ്ചാം സ്ഥാനത്തുമാണ്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, മൂന്ന് സ്ഥാനങ്ങൾ മുന്നോട്ടുകയറി ആറാമതെത്തി.