ഖലീലിനും സിറാജിനും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും ശ്രീലങ്കയെ പോലും അത്ഭുതപ്പെടുത്തി അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ നിര്‍ണായകമായകത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ തന്ത്രം. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് ആറ് വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ് മാത്രമായിരുന്നു. അതിന് തൊട്ടു മുമ്പ് ഖലീല്‍ അഹമ്മദ് എറിഞ്ഞ ഓവറില്‍ 12 റണ്‍സടിച്ച ലങ്ക അനായാസം വിജയം അടിച്ചെടുക്കുമെന്ന് കരുതിയ ആരാധകരെ അമ്പരപ്പിച്ചായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്.
മുഹമ്മദ് സിറാജിനും ഖലീല്‍ അഹമ്മദിനും ഓരോ ഓവര്‍ ബാക്കിയുള്ളതിനാല്‍ പത്തൊമ്പതാം ഓവര്‍ എറിയാന്‍ മുഹമ്മദ് സിറാജിനെ വിളിക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് സൂര്യ പന്തേല്‍പ്പിച്ചത് ഐപിഎല്ലില്‍ പോലും അധികമൊന്നും ബൗള്‍ ചെയ്ത് കണ്ടിട്ടില്ലാത്ത റിങ്കു സിംഗിനെ ആയിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പായ കളിയില്‍ പാര്‍ട്ട് ടൈം ബൗളര്‍ക്ക് ഒരവസരം നല്‍കിയാതായെ അതിനെ എല്ലാവരും കണ്ടുള്ളു. പക്ഷെ ബാറ്റിംഗില്‍ രണ്ട് കളിയിലും തിളങ്ങാനാവാതിരുന്ന റിങ്കു തന്‍റെ ഓഫ് സ്പിന്‍ കൊണ്ട് ലങ്കയെ ഞെട്ടിച്ചു. ആദ്യ പന്തില്‍ റണ്ണില്ല. അടുത്ത പന്തില്‍ തകര്‍ത്തടിച്ച് ക്രീസില്‍ നിന്നിരുന്ന കുശാല്‍ പെരേരരയെ റിങ്കു സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുത്തു. അടുത്ത പന്തില്‍ സിംഗിള്‍. നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ സിക്സിന് ശ്രമിച്ച രമേഷ് മെന്‍ഡിസിനെ ബൗണ്ടറിയില്‍ ഓടിപ്പിടിച്ച് ഗില്‍. ഇതോടെ ലങ്കയുടെ ലക്ഷ്യം അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ആറ് റണ്‍സ്.
ഖലീലിനും സിറാജിനും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും ശ്രീലങ്കയെ പോലും അത്ഭുതപ്പെടുത്തി അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സൂര്യയുടെ ആദ്യ പന്തില്‍ റണ്ണില്ല. രണ്ടാം പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച കാമിന്ദു മെന്‍ഡിസിനെ തേര്‍ഡ്മാനില്‍ റിങ്കുവിന്‍റെ കൈകളിലെത്തിച്ച സൂര്യകുമാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ലങ്കയുടെ ലക്ഷ്യം നാലു പന്തില്‍ ആറ് റണ്‍സ്. ലെഗ് സ്റ്റംപിലേക്ക് പോയ സൂര്യയുടെ മൂന്നാം പന്തില്‍ തീക്ഷണയെ മനോഹരമായി കൈയിലൊതുക്കി സഞ്ജുവിന്‍റെ നിര്‍ണായക ക്യാച്ച്. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച തീക്ഷണയുടെ പന്ത് ഗ്ലൗസിലുരുമ്മിയിരുന്നെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. സൂര്യയെ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ച് സഞ്ജു. റിവ്യൂവില്‍ തീക്ഷണ ഔട്ട്. രാജ്യാന്തര ടി20യില്‍ ആദ്യ വിക്കറ്റ് നേടിയതിന് പിന്നാലെ സൂര്യ ഹാട്രിക്കിന്‍റെ വക്കില്‍.
നാലാം പന്തില്‍ അസിത ഫെര്‍ണാണ്ടോയുടെ സിംഗിള്‍. അഞ്ചാം പന്തില്‍ വിക്രമസിംഗെ രണ്ട് റണ്‍സ് ഓടിയെടുത്തു. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം മൂന്ന് റണ്‍സ്. എന്നാല്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനെ ലങ്കക്കായുള്ളു. മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലേക്ക്. വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റും നഷ്ടമാക്കി ലങ്ക. ഇന്ത്യക്ക് മൂന്ന് റണ്‍സ് വിജയലക്ഷ്യം. തീക്ഷണയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സൂര്യകുമാര്‍ വിജയം അടിച്ചെടുത്തു.