കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിന് എന്‍ബിടിസി നഷ്ടപരിഹാരത്തുക കൈമാറി. എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബെന്‍സണ്‍ അബ്രഹാമും സംഘവുമാണ് രഞ്ജിത്തിന്റെ മാതാപിതാക്കളെ കണ്ട് നേരിട്ട് അടിയന്തര സഹായമായി എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രഞ്ജിത്തിന്റെ ഇന്‍ഷുറന്‍സ്, ഗ്രാറ്റിവിറ്റി, കമ്പനി വെല്‍ഫയര്‍ ഫണ്ട് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള എല്ലാ രേഖകളും ഈ സംഘം കുടുംബത്തിന് കൈമാറി.രഞ്ജിത്തിന്റെ പിതാവ് രവീന്ദ്രന്‍, മാതാവ് രുഗ്മിണി, സഹോദരന്‍ രജീഷ്, സഹോദരി രമ്യ എന്നിവരെ എന്‍ബിടിസി സംഘം നേരില്‍ കണ്ട് അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മാനസിക പിന്തുണയും സഹായവും നല്‍കി കൂടെയുണ്ടാകുമെന്നും അറിയിച്ചു. (Kuwait fire accident NBTC handover 8 lakh compensation to Ranjith’s family)
കുവൈത്തില്‍ മരിച്ച മറ്റെല്ലാവരേയും പോലെതന്നെ ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും പ്രാരാബ്ദങ്ങളും അവശേഷിപ്പിച്ച് തന്നെയാണ് രഞ്ജിത്തിന്റേയും അപ്രതീക്ഷിത വിയോഗമുണ്ടായത്. രഞ്ജിത്തിന്റെ പിതാവ് ഹൃദ്രോഗിയാണ്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സയ്ക്കുള്ള എല്ലാ സഹായവും നല്‍കുമെന്നും രഞ്ജിത്തിന്റെ സഹോദരന് ജോലി നല്‍കുമെന്നും എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബെന്‍സണ്‍ അബ്രഹാം കുടുംബത്തിന് ഉറപ്പുനല്‍കി.
പത്ത് വര്‍ഷമായി എന്‍ബിടിസിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത്ത്. എന്‍ബിടിസി സ്‌പോര്‍ട്ട്‌സ് ടീമിലുള്‍പ്പെടെ അദ്ദേഹം സജീവമായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും ഇപ്പോഴും രഞ്ജിത്തിന്റെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. കുവൈത്ത് ദുരന്തത്തില്‍ തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് ഈ സംഘം അടിയന്തര സഹായം കൈമാറി.മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ തുടര്‍ന്നും ഉറപ്പാക്കുമെന്ന് എന്‍ബിടിസി അറിയിച്ചു.