മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ പരിശീലക സ്ഥാനത്തേക്കോ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗംഭീര്‍ തന്നെയാണ് അഭിഷേക് നായരുടെ പേര് ബിസിസിഐക്ക് മുമ്പാകെ വെച്ചത്. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സ് അടക്കമുള്ള താരങ്ങളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന പേര് കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെുടെ പേരാണ്.
മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചത്.എന്നാല്‍ വിനയ് കുമാറിന്‍റെ പേര് ബിസിസിഐ തുടക്കത്തിലെ തള്ളിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബൗളിംഗ് പരിശീലകനായി മുന്‍ പേസര്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ആണ് ബിസിസിഐ പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.