49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി തിളങ്ങി
ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെയെ 23 റണ്‍സിന് വീഴ്ത്തി അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെ ആദ്യ പത്തോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെ നേടിയുള്ളുവെങ്കിലും അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ വിറപ്പിച്ചശേഷം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി തിളങ്ങി. ഇന്ത്യക്കായി 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ കളിയിലെ താരമായി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 182-4, സിംബാബ്‌വെ 20 ഓവറില്‍ 159-6.
തുടക്കത്തിലെ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നായിരുന്നു സിംബാബ്‌വെ തിരിച്ചടിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മധേവേരയെ(1) വീഴ്ത്തി ആവേശ് ഖാനാണ് സിംബാബ്‌വെയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മറുമാണിയെ(13) ഖലീലും ബ്രയാന്‍ ബെന്നറ്റിനെ(4) രവി ബിഷ്ണോയിയുടെ വണ്ടര്‍ ക്യാച്ചില്‍ ആവേശും മടക്കിയതോടെ സിംബാബ്‌വെ പവര്‍ പ്ലേ കഴിയുമ്പോള്‍ 37-3ലേക്ക് വീണു. പവര്‍ പ്ലേക്ക് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവറില്‍ ക്യാപ്റ്റന്‍ സിക്കന്ദർ റാസയെയും(15), ജൊനാഥന്‍ കാംപ്‌ബെല്ലിനെയും(1) വീഴ്ത്തിയതോടെ 39-5ലേക്ക് വീണ സിംബാബ്‌വെ വലിയ തോല്‍വി വഴങ്ങുമെന്ന് കരുതി. എന്നാല്‍ ഏഴാം ഓവറില്‍ ഒത്തു ചേര്‍ന്ന മയേഴ്സും മദാന്ദെയും 77 റണ്‍സ് കൂട്ടുകെട്ടിലൂടെ തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.