
ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു.
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വരുന്നതോടെ മലയാളി താരം സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു. എന്നാല്‍ ഒരു മത്സരത്തിലും പോലും മലയാളി താരത്തെ കളിപ്പിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു. രണ്ട് തവണ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. സഞ്ജു സ്ഥിരമായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതിന് മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായതോടെ സഞ്ജുവിന് കൂടുതല്‍ പക്വത വന്നു. സഞ്ജു പ്രതിഭാശാലിയാണ്. സാങ്കേതികമായി അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ചതാണ്. എന്നാല്‍ ചില സമയത്ത് അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് പ്രതീക്ഷകള്‍ തെറ്റിക്കും. എന്നാല്‍ സഞ്ജു നായകനായതോടെ ആ ശൈലിക്ക് മാറ്റം വന്നു. സൂപ്പര്‍ താരങ്ങളോടൊപ്പം യുവതാരങ്ങളെ കൂടി നയിക്കേണ്ട ഉത്തരവാദിത്തമാണ് അവിടെ അദ്ദേഹത്തിനുള്ളത്.” മുകുന്ദ് പറഞ്ഞു.