
എമ്പുരാൻ 30 മുതൽ 35 ശതമാനം വരെ ഹിന്ദിയിൽ ആയിരിക്കും എന്ന് പ്രിത്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ കഥാ ലോകം കേരളത്തിന്റെ ഭൂമികയിലും രാഷ്ട്രീയ പശ്ചാത്തലത്തിലും വേരാഴ്ന്നവയായിരുന്നു. എന്നാൽ എമ്പുരാനിലേക്ക് വരുമ്പോൾ ദേശീയ തലത്തിലുള്ള ചില വിഷയങ്ങളും സ്വഭാവവും പ്രതിപാദിക്കുന്നുവെന്നും, മാത്രമല്ല ഇന്റർനാഷണൽ തലത്തിലേക്ക് നീളുന്ന ഒരു കഥാപ്രപഞ്ചവും ചിത്രത്തിനുണ്ടെന്നും പൃഥ്വരാജ് പറഞ്ഞു.
സിനിമ കാണാൻ തിയറ്ററിലെത്തുന്ന ഒരു പ്രേക്ഷകന് ചിലപ്പോൾ ആദ്യ 25 മിനുട്ട് വരെ താൻ കാണുന്നത് ഒരു ഹിന്ദി സിനിമയാണോ എന്ന സംശയം വന്നേക്കാം. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടാതെ ഒരു അന്യഭാഷാ സിനിമക്കുള്ളിൽ കൊണ്ടുവരുന്നതിനോട് യോജിപ്പില്ല. 5 ഭാഷകളിൽ എമ്പുരാൻ റിലീസ് ചെയ്യുമെങ്കിലും ചിത്രത്തിലെ ഹിന്ദി സംസാരിക്കുന്ന ഭാഗങ്ങളെല്ലാം അതെ പടി നിലനിർത്തും, പൃഥ്വിരാജ് പറയുന്നു.
ലൂസിഫറിൽ ഹിറ്റ്‌മാനും, സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂട്ടാളിയും ആയ പൃഥ്വിരാജ് അവതരിപ്പിച്ച ‘സായിദ് മസൂദ്’ എന്ന കഥാപാത്രം ചിത്രത്തിൽ ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നത്. കൂടാതെ ക്ലൈമാക്സ് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ശക്തി കപൂറിന്റെ കഥാപാത്രവും ഹിന്ദിയിൽ ആണ് സംസാരിച്ചത്. പാകിസ്ഥാനിയും ബോളിവുഡ് നടിയുമായ മഹീറ ഖാൻ എമ്പുരാന്റെ ഭാഗമാകുന്നുവെന്ന് നോർത്ത് ഇന്ത്യൻ മാധ്യമങ്ങൾ അറിയിച്ചിരുന്നു. കൂടാതെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിടാത്ത ചില സസ്പെൻസ് കഥാപാത്രങ്ങളിൽ പലരെയും അവതരിപ്പിക്കുന്നത് അന്യഭാഷകളിൽ നിന്നുള്ള പ്രഗത്ഭരായ അഭിനേതാക്കൾ ആണെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാൻ മാർച്ച് 27ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ 25ആം വാർഷികത്തോട് അനുബന്ധിച്ച് പുറത്തു വിട്ട ടീസർ ഇതിനകം 6.5 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.