മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചുള്ള സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി. മുഖപ്രസംഗത്തെ സമസ്തക്ക് പോലും ഉൾക്കൊള്ളാൻ കഴിയില്ല. പത്രം സ്വയം ചെറുതാകുന്നതിന് തുല്യമാണിത്. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയിൽ അത്ഭുതമോ പുതുമയോ ഇല്ലെന്നും ചർച്ച അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും കെ പി നൗഷാദലി ട്വന്റിഫോറിനോട് പറഞ്ഞു.
സമസ്തക്ക് സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ ഉന്നയിച്ച വിഷയത്തോടോ അതിലെ ഭാഷയോടോ ഔദ്യോഗികമായി യോജിപ്പ് ഉണ്ടാകും എന്ന് കരുതുന്നില്ല. “കണിച്ചുകുളങ്ങരയിലെ തേവർ”, “പെരുന്നയിലെ നായർ”, ” സമരസപ്പെടലിന്റെ മഹാഗോപുരം” എന്നൊക്കെയുള്ള വാചകം സമസ്തക്ക് യോജിച്ചതല്ല.ഇതൊക്കെ മൈതാനത്തെ ആക്ഷേപ പ്രസംഗത്തിൽ ആളുകൾ പറയുന്ന കാര്യങ്ങളാണ്. ഇതൊക്കെ മുഖപ്രസംഗത്തിൽ വരുമ്പോൾ പത്രത്തിന്റെ Decorum തന്നെ പോകുകയാണ് ചെയ്യുന്നത്. ആ പത്രം സ്വയം ചെറുതാകുന്നതിന് തുല്യമാണിതെന്നും നൗഷാദലി പ്രതികരിച്ചു.
മുഖപ്രസംഗം സിപിമ്മിലെ ചില സ്ലീപ്പിങ് സെല്ലുകളുടെ, രാജാവിനേക്കാൾ രാജഭക്തി പ്രകടിപ്പിക്കലിന്റെ ഉദാഹരണമായി കൂട്ടിയാൽ മതിയാകും. കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമോ പുതുമയോ ഇല്ല, നൂറ്റാണ്ടുകളായി പുലർത്തുന്ന നയം.യോജിച്ചും വിയോജിച്ചുമുള്ള വാദങ്ങൾ നൂറ്റാണ്ടുകളായി ഒരു സമാന്തര രേഖയിൽ എന്ന പോലെ മുന്നോട്ടുപോകുന്നു. അതിൽ അഭിപ്രായം പറയേണ്ടതില്ല, ചർച്ച അവസാനിപ്പിക്കുന്നതാണ് ഉചിതം എംഎൽഎ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ ചരിത്ര വസ്തുതകളോടുള്ള സമുദായത്തിനകത്ത് നിന്നുള്ള വ്യത്യസ്ത അഭിപ്രായത്തിലും പുതുമയില്ല.സുപ്രഭാതത്തിലെ മുഖപ്രസംഗത്തോട് യോജിക്കാൻ കഴിയില്ല. മുഖപ്രസംഗത്തെ സമസ്തക്ക് പോലും ഉൾക്കൊള്ളാൻ കഴിയില്ല.സമസ്തക്ക് സുപ്രഭാതത്തിലെ മുഖപ്രസംഗത്തോടോ അതിലെ ഭാഷയോടോ യോജിപ്പ് ഉണ്ടാകും എന്ന് കരുതുന്നില്ല.
സുപ്രഭാതം പത്രത്തിനകത്ത് കാലങ്ങളായി ചില പറ്റുകാർ ഉണ്ട്. അവർ ചില നേതാക്കളുമായി ആശയവിനിമയം നടത്തി ചെയ്യുന്നതായിരിക്കാം.അതൊക്കെ സ്വന്തം മാതൃസംഘടനക്കും പത്രത്തിനും ബാധ്യതയാകുന്ന തരത്തിൽ മാറുന്നു. ഇതൊക്കെ ചില രാഷ്ട്രീയ പറ്റുപണിക്കാർ തിടുക്കപ്പെട്ടു നടത്തുന്ന ചില അഭ്യാസങ്ങളുടെ ഭാഗമായ വീഴ്ച്ചയാണ്.സമസ്ത ഒരിക്കലും മറ്റ് സമുദായ നേതാക്കളെ ഇകഴ്ത്തി കാട്ടുകയോ നിന്ദിക്കുകയോ ചെയ്യുന്ന സംഘടന അല്ല.പരസ്പര ബഹുമാനവും അന്തസ്സും വെച്ചുപുലർത്തുന്ന സംഘടനയാണ് സമസ്ത.മുഖപ്രസംഗത്തെ സമസ്തയുമായി കൂട്ടി കെട്ടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






