മുംബൈയിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ്റെ കോപ്പർ കേബിളുകൾ മോഷണം പോയി. കിലോയ്ക്ക് 845 രൂപ വിലയുള്ള കോപ്പറാണ് മോഷ്ടിച്ചത്. സംഭവത്തിൽ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് ലക്ഷത്തോളം രൂപയുടെ കോപ്പർ മോഷ്ടിച്ചെന്നാണ് വിവരം.
കിങ്സ് സർക്കിൾ, ദാദർ ടിടി സർക്കിൾ മേഖലകളിൽ താമസിക്കുന്നവർ ബ്രിഹാൻ മുംബൈ കോർപറേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ താമസ സ്ഥലം ഉൾപ്പെടുന്ന ദ്വീപിലെ മൂന്ന് മീറ്ററോളം വീതിയുള്ള നടപ്പാതയിൽ മണ്ണ് മാന്തി ഇട്ടത് കണ്ടാണ് നാട്ടുകാർ പരാതിയുമായി എത്തിയത്.
രണ്ടാഴ്ചയോളം മുനിസിപ്പൽ ജീവനക്കാർ ഈ നടപ്പാത കുഴിച്ച് പണി നടത്തിയ ശേഷം മണ്ണിട്ട് മൂടിയിരുന്നു. തൊട്ടുപിന്നാലെയാണ് വീണ്ടും നടപ്പാത തുരന്നത്. നാട്ടുകാർ പരാതിയുമായി വന്നതിന് പിന്നാലെ കോർപറേഷൻ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അപ്പോഴാണ് ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന കേബിളുകളിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിക്കപ്പെട്ടെന്ന് മനസിലായത്.
രാത്രി 11 മണിക്ക് ശേഷമാണ് മോഷ്ടാക്കൾ നടപ്പാത കുഴിച്ച് കോപ്പർ കേബിളുകൾ മോഷ്ടിച്ചത്. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിൻ്റെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എംടിഎൻഎല്ലിൻ്റെ 400 ഓളം ടെലിഫോൺ ലൈനുകൾ തകരാറിലായി. 105 മീറ്റർ നീളത്തിൽ കോപ്പർ കേബിളുകൾ മോഷ്ടിക്കപ്പെട്ടുവെന്നാണ് എംടിഎൻഎല്ലിൻ്റെ കണക്ക്.
കേസിലെ പ്രതികളെ പിടികൂടാനായി പൊലീസ് ഇതേ പ്രദേശത്ത് കെണിയൊരുക്കി കാത്തുനിന്നു. ഞായറാഴ്ച സ്വകാര്യ കാറുകളിലാണ് പൊലീസ് സ്ഥലത്ത് ഒളിച്ചുനിന്നത്. പ്രതികളിലൊരാൾ എംടിഎൻഎല്ലിനായി കോപ്പർ കേബിളുകൾ സ്ഥാപിച്ച കരാറുകാരൻ്റെ ജീവനക്കാരനായിരുന്നു. ഇയാളടക്കമുള്ള പ്രതികൾ സ്ഥലത്ത് പണി തുടങ്ങിയതിന് പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നടപ്പാതയിൽ ചെറിയ ചെറിയ ഭാഗങ്ങളായാണ് പ്രതികൾ ഓരോ ദിവസവും കുഴിച്ചുകൊണ്ടിരുന്നത്. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. അഞ്ച് പേരെ കൊണ്ട് ഇത്രയും ദൂരം കുഴിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. മുംബൈ കോർപറേഷൻ പരിധിയിൽ നഗരസഭയ്ക്ക് പുറമെ എംഎംആർഡിഎ, മഹാനഗർ ഗ്യാസ്, മുംബൈ മെട്രോ റെയിൽ കോർപറേഷൻ, അദാനി ഇലക്ട്രിസിറ്റി, ടാറ്റ പവർ, ബെസ്റ്റ് തുടങ്ങിയ ഏജൻസികൾ റോഡ് കുഴിച്ച് കേബിളുകൾ സ്ഥാപിക്കാറുണ്ട്.