
പാലാ പൈകയിൽ ഡോ.മാത്യു ജെ. പുതിയിടത്തിന്റെയും ഡോ.റോസമ്മ മാത്യുവിന്റെയും പുത്രൻ ഡോക്ടർ ആയത് സ്വാഭാവികം. പക്ഷേ, അദ്ദേഹം കളിക്കളത്തിലും കലാരംഗത്തും കൂടി തിളങ്ങി. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ വോളിബോൾ കോർട്ടിൽ ഇറങ്ങിയതാണ്. 1973 മുതൽ 76 വരെ കേരള സർവ്വകലാശാലാ ടീമിൽ. 76 ൽ നായകനും. 1975 മുതൽ 80 വരെ സംസ്ഥാന ടീമിൽ, 1981 ൽ പാലായിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വോളിബോൾ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ.
ഇന്ത്യൻ വോളിബോൾ താരം, പാവപ്പെട്ടവരുടെ ഡോക്ടർ, മിമിക്രി കലാകാരൻ. ഡോ.ജോർജ് മാത്യു മരണത്തിനു കീഴടങ്ങിയപ്പോൾ ഓർമ്മകൾ ഒത്തിരി ബാക്കിയാകുന്നു. മിമിക്രിയിലെ നർമ്മം അദ്ദേഹം ജീവിതത്തിലും പകർത്തി യിരുന്നു. ചെല്ലുന്നിടത്തൊക്കെ മിമിക്രിയും അവതരിപ്പിച്ച് കയ്യടി വാങ്ങുമായിരുന്നു. ഒടുവിൽ എഴുപത്തിരണ്ടു വയസ്സിൽ അദ്ദേഹം യാത്രയായി.
ഡോ.ജോർജ് മാത്യു കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിയായിരിക്കെ തിരുവനന്തപുരത്ത് ഇന്റർ മെഡിക്കൽ കോളജ് യൂത്ത് ഫെസ്റ്റിവലിൽ മിമിക്രിയിൽ ഒന്നാം സമ്മാനം നേടി. ആ മിമിക്രി പിന്നീട് ഒട്ടേറെ വേദികളിൽ ചിരിപടർത്തി. രണ്ടു സെമിനാരികളിലെ വൈദികർ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ കമ്മന്ററി ഒരു പള്ളി വികാരി പറയുന്ന രീതിയിലായിരുന്നു അവതരണം.
എതിരാളിയെ ഫൗൾ ചെയ്ത അച്ചനെ റഫറിയായ സുപ്രിയേൽ അച്ചൻ പിടികൂടി. ‘ഗുരു വേ അതു ഞാനോ?’ ഫൗൾ ചെയ്ത അച്ചൻ ചോദിച്ചു. ‘അതേ അതു നീ തന്നെ’ എന്നു പറഞ്ഞ സുപ്രിയേൽ അച്ചൻ മഞ്ഞക്കാർഡ് ഉയർത്തി. ഒപ്പം ചോദിച്ചു. നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് മരിച്ചാൽ എന്തു ഫലം?’. തിരുസഭയ്ക്കു ചേരാത്ത ഫൗൾ ആണ് നീ ചെയ്തതെന്ന് റഫറി വിശദീകരിച്ചപ്പോൾ മഞ്ഞകാർഡ് കണ്ട അച്ചൻ പറഞ്ഞു. ‘ഫൗൾ കണക്കിലെടുത്താൽ എന്റെ പിന്നാലെ വരുന്ന അച്ചന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ ഞാൻ യോഗ്യനല്ല.’
അപ്പോൾ, ഉയർന്നു പൊങ്ങിയ പന്ത് ഒരു മാലാഖയെപ്പോലെ ആകാശത്തുനിന്നു ഭൂമിയിലേക്ക് പതിക്കുന്നു. ഇതിനിടയ്ക്ക് മറ്റൊരു അച്ചൻ എതിർ ടീമിലെ അച്ചന്റെ ഇടതുകാലിനിട്ടൊരു തൊഴി കൊടുത്തു. തൊഴികൊണ്ട അച്ചൻ പന്ത് തടുക്കുന്നതിനു പകരം തന്റെ വലതുകാൽ ഉയർത്തി നിൽക്കുകയാണ്.’ ഒരു ചെവിട്ടത്ത് അടിക്കുന്നവന് മറ്റേ ചെവിടും കാണിച്ചുകൊടുക്കണം’ എന്ന ദൈവ വചനം അച്ചൻ ഓർത്തുപോയി. പക്ഷേ, ഫൗൾ ചെയ്ത അച്ചൻ അതൊന്നും ശ്രദ്ധിക്കാതെ പന്തുമായി മുന്നേറുകയാണ്.
കർത്താവിന്റെ ഇരുവശത്തും കുരിശിൽ തറച്ച കള്ളന്മാരെപ്പോലെ നിൽക്കുന്ന ഗോൾപോസ്റ്റുകൾക്കിടിയിൽ നിൽക്കുന്ന ഗോളി അച്ചൻ പന്ത് വരുന്നതുകണ്ട് സ്വർഗ്ഗത്തിലേക്കു നോക്കി പ്രാർത്ഥിച്ചു. “കർത്താവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് ഒഴിവാക്കേണമേ?’ പക്ഷേ, പന്ത് വയിൽ കയറി. ഗോൾ…. ഗോളി അച്ചൻ നിരാശനായില്ല. അദ്ദേഹം പറഞ്ഞു. ‘എങ്കിലും എന്റെ ഇഷ്ടമല്ല; അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.’
എസ്. ഗോപിനാഥ്, അബ്ദുൽ റസാഖ്, ജോൺസൺ ജേക്കബ്, ഡോ.ജോർജ് മാത്യു. 1980 കളുടെ തുടക്കത്തിൽ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം ഇവരായിരുന്നു. ജോസ് ജോർജിനും ജിമ്മി ജോർജിനുമൊപ്പം കളിച്ച ഗോപിനാഥ് അടുത്ത തലമുറയോട് ചേരുകയായിരുന്നു. പക്ഷേ, കേരള സർവകലാശാലാ ടീമിൽ ജോസ് ജോർജും ജിമ്മി ജോർജും ബ്ലെസൻ ജോർജുമൊക്കെ ജോർജ് മാത്യുവിനൊപ്പമുണ്ടായിരുന്നു. എൻ.ഗോപിനാഥ് എന്ന പ്രഗൽഭനായ പരിശീലകൻ്റെ കീഴിൽ അവർ അഖിലേന്ത്യാ ചാംപ്യൻമാരായി.
ഉദയകുമാറും എൻ.സി.ചാക്കോയും ഡാനിക്കുട്ടി ഡേവിഡുമൊക്കെയുണ്ടായിരുന്ന അടുത്ത തലമുറ എത്തിയപ്പോൾ ജോർജ് മാത്യു മത്സരംഗം വിട്ട് ചികിത്സയിൽ സജീവമായി. പൈകയിലെ അദ്ദേഹത്തിന്റെ ക്ലിനിക് സാധാരാണക്കാർക്ക് ആശ്രയമായി. പൈകയുടെ സ്വന്തം ഡോക്ടർ ആയി അദ്ദേഹം മാറി. ഒടുവിൽ രോഗത്തിനു കീഴടങ്ങി. ജെസിയാണ് ജോർജിന്റെ ഭാര്യ. മകൾ.ഡോ.റോസു.