കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ പ്രതികരണം. വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല.
വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും സൂര്യ പറഞ്ഞു. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നും സൂര്യ പറഞ്ഞു. വാർത്താ കുറിപ്പിലാണ് സൂര്യയുടെ പ്രതികരണം വന്നത്.
അതേസമയം ഇക്കൊല്ലം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടൻ വിജയ് അഭ്യർത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി എൻ. ആനന്ദ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തിൽപെട്ടവരെ താരം ആശൂപത്രിയിൽ സന്ദർശിച്ചിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു.
പിന്നാലെ സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് എക്സിലൂടെ താരം പ്രതികരിച്ചു. പാർട്ടിയുടെ ഒഫീഷ്യൽ അക്കൗണ്ടിലാണ് വിജയ് സർക്കാറിനെ വിമർശിച്ചത്.
കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25-ലധികം പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയിൽ കഴിയുന്നവരും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു.കഴിഞ്ഞ വർഷവും ഇതുപോലൊരു സംഭവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
സർക്കാർ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിജയ് കുറിച്ചു.