പിടിയിലായ ദീപക്കിനും ആനന്ദിനും സ്വർണ വ്യാപാര മേഖലയിലാണ് ഇടപാടുകളുണ്ടായിരുന്നത്. പണമായി മാത്രമാണ് ഇവർ പ്രതിഫലം സ്വീകരിച്ചതും നൽകിയതും
കോഴിക്കോട്: പേരാമ്പ്രയിൽ റെയ്ഡിനിടെ 3.22 കോടി രൂപ ഡിആർഐ പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി. പ്രതികൾ സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും പണം മാത്രം കിട്ടിയ സാഹചര്യത്തിലാണ് കേസ് കൈമാറ്റം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് റെയ്ഡ് നടത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വേരുകളുള്ളവരുടെ വീട്ടിലായിരുന്നു പരിശോധന.
പിടിയിലായ ദീപക്കിനും ആനന്ദിനും സ്വർണ വ്യാപാര മേഖലയിലാണ് ഇടപാടുകളുണ്ടായിരുന്നത്. പഴയ സ്വർണം വാങ്ങി ഉരുക്കി ആഭരണം നിർമ്മിക്കുന്നതടക്കം ഇടപാടുകൾ പലതായിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നികുതി വെട്ടിച്ചാണ് നടത്തിയത്. പണമായി മാത്രമായിരുന്നു ഇടപാടുകൾ നടത്തിയത്. ബാങ്ക് ഇടപാടുകൾ വളരെ വിരളമായിരുന്നു. സ്വർണം കൂടി തേടിയാണ് ഇവരുടെ അടുത്തേക്ക് പുണെയിൽ നിന്ന് റവന്യൂ ഇൻ്റലിജൻസ് എത്തിയത്. പക്ഷെ പണം മാത്രമാണ് കിട്ടിയത്.
ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറിയത്. പ്രതികളെ രണ്ടു പേരെയും ഇൻകംടാക്സ് ഇൻ്റലിജൻസ് വിശദമായി ചോദ്യം ചെയ്തു. പണത്തിൻ്റെ ഉറവിടമോ, രേഖകളോ ബോധ്യപ്പെടുത്താൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. പണം ഇൻകംടാസ്ക് ഇൻ്റലിജൻസിൻ്റെ അക്കൌണ്ടിലേക്ക് മാറ്റി. ഹവാല കള്ളികളാണോ എന്നതടക്കം ഇടപാടു വഴികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇൻകം ടാക്സ് ഇൻ്റലിജൻസ്.