കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയതലത്തിൽ പ്രചാരണം നടത്തും.
ദേശീയതലത്തിൽ സംഘടനയെ വൻ ദൗർബല്യം പിടികൂടിയിരിക്കുന്നുവെന്ന് സിപിഎം പ്രസിദ്ധീകരിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സിപിഎം രണ്ട് സീറ്റുകൾ നേടിയ തമിഴ്നാട്ടിൽ ഉൾപ്പടെ ഇത് പ്രകടമാണെന്നും കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിയുടെ അടിസ്ഥാന വോട്ട് ചോർത്തുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഘടനയെ ശക്തിപ്പെടുത്താനും ആശയ പ്രചാരണത്തിനും പന്ത്രണ്ട് നിർദ്ദേശങ്ങൾ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. പാർട്ടിയിൽ പാർലമെൻററി വ്യാമോഹം കൂടുന്നുവെന്നും ഇത് ചെറുക്കണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു. കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയതലത്തിൽ പ്രചാരണം നടത്തും. പശ്ചിമ ബംഗാളിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ബിജെപി ശക്തമെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിൽ പറയുന്നതിനപ്പുറം ഒന്നും പ്രതികരിക്കാനില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ വ്യക്തമാക്കി.