വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.
ദില്ലി: ദില്ലി മെട്രോയിൽ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം. അപകടത്തെ തുടർന്ന് ദില്ലി മെട്രോയുടെ റെഡ് ലൈനിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെട്രോ ജീവനക്കാർ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ പറഞ്ഞു. ദില്ലിയിലെ റിതാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് വരെ നീളുന്ന ലൈനാണ് റെഡ് ലൈന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)