എരുമേലി അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മോട്ടര്‍ വാഹന വകുപ്പിന്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അതേസമയം, ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്.
ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹമാണ്. നവംബര്‍ മാസത്തെ വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ വൃശ്ചികം പന്ത്രണ്ടിന് ശേഷമാണ് സന്നിധാനത്ത് തിരക്കേറിയിരുന്നതെങ്കില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിങ് കൂടുതല്‍ കടുപ്പിച്ചതോടെ ആദ്യം ദിവസം മുതല്‍ 70,000 സ്ലോട്ടുകളും നിറഞ്ഞു. ഇന്നലെ എഴുപതിനായിരം പേര്‍ ബുക്ക് ചെയ്തതില്‍ 66,795 പേര്‍ ദര്‍ശനത്തിനെത്തി. പതിനായിരം സ്‌പോട്ട് ബുക്കിങ് ഉണ്ടെങ്കിലും ഇന്നലെ 3,117 പേരെ എത്തിയുള്ളു. പരമ്പരാഗത പാതകളായ പുല്ലുമേട്, കരിമല വഴിയും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി.