തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂർ നീണ്ട എസ്ഐടി പരിശോധനയിൽ രേഖകളും മെമ്മറി കാർഡും കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
എസ്ഐടി പരിധിയിൽ കൂടുതൽ വിദേശ കറൻസിയും കണ്ടെടുത്തെന്നാണ് സൂചന. ഇക്കാര്യം എസ്ഐടി തലവൻ വിശദീകരിക്കുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തം. അതിനിടെ വീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരായ കേസിലെ വിവരങ്ങൾ പുറത്ത്. പിടികൂടിയത് 43. 85 ലിറ്റർ വിദേശ മദ്യം. വിദേശ നിർമിത വൈനും ആൽക്കഹോൾ അടങ്ങിയ പന്തണ്ട് ലിറ്റർ പാനീയവും പിടിച്ചെടുത്തു. കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതി.






