കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി RL നിതിൻരാജിന്റെ മരണത്തിൽ, പിടിയിലായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കർക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നു ഡോ റാം മൊഴി നൽകി.
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. ഇന്ന് പുലർച്ചെ കുടകില്‍ നിന്ന് കാറിൽ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാൻ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈൽ ഫോണുകൾ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകിൽ ഒളിവിൽ കഴിഞ്ഞത് മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒളിവിൽ കഴിയാൻ പ്രാദേശിക സഹായങ്ങൾ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, റാം നിരപരാധിയാണെന്നും ലോൺ ആപ്പിന്റെ ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിൻ്റ അഭിഭാഷകൻ ലത്തീഫ് ബഡകന്നൂർ പറഞ്ഞു.
ഏപ്രിൽ 10നായിരുന്നു ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. നിതിൻ ജീവനൊടുക്കിയതിന് പിന്നാലെ റാം ഒളിവിൽ പോയത് കർണാടകയിലേക്ക് ആയിരുന്നു. പിന്നീട് സ്വന്തം നാടായ ആന്ധ്രയിലെ ചിറ്റൂരിലും ഗുണ്ടൂരിലും ഒളിവു ജീവിതം നയിച്ചു . ആദ്യം ചക്കരക്കൽ പൊലീസും പിന്നീട് എസ്ഐടിയും അന്വേഷിച്ച കേസാണ് ഒടുവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എത്തുന്നത്. ആഴ്ചകളോളം ആന്ധ്രയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ റാമിനെ തിരിഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും റാമിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയെങ്കിലും വീണ്ടും ദിവസങ്ങൾ എടുത്തു അറസ്റ്റ് ചെയ്യാൻ. അതേസമയം, നിതിൻ രാജിന്റെ പിതാവ് രാജന്റെ പരാതിയിന്മേൽ തുടരന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിർണായകമായ നീക്കം.







