റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും യുക്രെയ്നുമായും നയതന്ത്ര ചർച്ചകൾ നടത്തുന്നതായും ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യയുടേത് ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശങ്ങൾ ലഭിച്ചതായും, അതിൽ ഇന്ത്യയുടേതാണ് ഏറ്റവും സമഗ്രമായത് എന്നും യുക്രേനിയൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞിരുന്നു. പരസ്പരം സ്വീകാര്യമായ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ള മികച്ച ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കലുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയാറാകുന്നതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.
ചർച്ചകളിലൂടെയും നയതന്ത്രപരമായ മാർഗ്ഗങ്ങളിലൂടെയും സംഘർഷം അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ത്യ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും എസ് ജയശങ്കർ പറഞ്ഞു. “റഷ്യയുമായും ഉക്രെയ്‌നുമായും ഞങ്ങൾ ചർച്ചകൾ നടത്തുന്നുണ്ട്. കരിങ്കടലിലെ കപ്പൽ ഗതാഗത സുരക്ഷാ വിഷയം മുൻനിർത്തി, സഹായകമാകുന്ന രീതിയിൽ പ്രവർത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്” എന്ന് അദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മോദി-പുടിൻ കൂടിക്കാഴ്ചയിലും യുക്രെയ്ൻ സംഘർഷം ചർച്ചാവിഷയമായിരുന്നു. ജൂണിൽ ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.








