കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്ത്തകന് ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊലവിളി പ്രസംഗം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. മധുസൂദനന്റെ പ്രസ്താവനയെ ആഭ്യന്തര വകുപ്പ് വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തി ഒരിക്കലും ഇങ്ങനെയൊരു പ്രസംഗം നടത്താന്‍ പാടില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ( Home Minister directs ADGP to register a case against T.I. Madhusoodanan)
കണക്കു പറയേണ്ടത് പാര്‍ട്ടി പറഞ്ഞു തന്നെ തീര്ക്കുമെന്ന്സൂചിപ്പിച്ചുകൊണ്ടായിരുന്നു മധുസൂദനന്റെ പ്രസംഗം. .ചീമേനിയില്‍ അഞ്ചു പേരെ കൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്നു ഓര്‍ക്കണമെന്നും മധുസൂദനന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ധനരാജ് വധ കേസ് വിധി വന്നതിനു പിന്നാലെ പയ്യന്നൂരില്‍ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വെല്ലുവിളി. വി കുഞ്ഞികൃഷ്ണന് എം എല്‍ എ യെ രാഷ്ട്രീയ നപുംസകമെന്നു അധിക്ഷേപിച്ച മധുസൂദനന് ധനരാജ് വധ കേസില്‍ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയെയും വിമര്‍ശിച്ചിരുന്നു.
മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നല്കി.എന്നാല്‍ ടി ഐ മധുസൂദനനെ തള്ളാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തയ്യാറായില്ല. കെ കെ രാഗേഷ് ഉള്‍പ്പെടെ ന്യായീകരണവുമായി രംഗത്തെത്തി. ധനരാജ് വധ കേസില്‍ 16പ്രതികളെ വെറുതെ വിട്ടത് സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ എതിര്‍വികാരം നിലനില്ക്കുമ്പോള് ആണ് കൊല വിളി പ്രസംഗമെന്നതും ശ്രദ്ധേയമാണ്.






