ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോ താരങ്ങള്‍ക്കും പറ്റിയ ബിസിനസ് ഏതെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻതാരവും കമന്‍റേറ്ററുമായ ദിനേശ് കാർത്തിക്.
ചെന്നൈ: ഇന്ത്യൻ കായികരംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ക്രിക്കറ്റർമാർ. ഇവർ വിരമിച്ചതിന് ശേഷം ബിസിനസിലേക്ക് ഇറങ്ങിയാൽ എന്തുചെയ്യും?. ഓരോ താരങ്ങള്‍ക്കും പറ്റിയ ബിസിനസ് ഏതെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻതാരവും കമന്‍റേറ്ററുമായ ദിനേശ് കാർത്തിക്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണേയും കാർത്തിക് ഒഴിവാക്കിയിട്ടില്ല.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കമന്‍ററിയില്‍ സജീവമായ ദിനേശ് കാർത്തിക് ലെജന്‍ഡ്സ് ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും കളിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍.കാര്‍ത്തിക്കിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യൻ താരം കെ എല്‍ രാഹുലിന് പറ്റിയ ബിസിനസ് തുണിക്കടയാണ്. കാരണം, രാഹുലിന് നല്ല സ്റ്റൈലിലുള്ള മികച്ച വസ്ത്രങ്ങളുടെ കലക്ഷനുണ്ടെന്നാണ് കാര്‍ത്തിക് പറയുന്നത്.
ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങള്‍ക്ക് സ്വര്‍ണക്കട തുടങ്ങാവുന്നതാണെന്ന് കാര്‍ത്തിക് പറഞ്ഞു. അത് ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷബ് പന്തുമാണ്. ഓരോ സമയത്തും എന്ത് തരം ആഭരണം ധരിക്കണമെന്നതിനെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് ഇരുവരുമെന്നും മികച്ച ആഭരണങ്ങളുടെ കലക്ഷന്‍ ഇരുവര്‍ക്കുമുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.
വിരാട് കോലിക്ക് ഹോട്ടല്‍ ബിസിനസ് തന്നെയാണ് നല്ലത്. കോലിക്ക് ഇപ്പോള്‍ തന്നെ ഹോട്ടല്‍ ബിസിനസ് ഉള്ളതിനാല്‍ അതൊന്ന് ഒന്നുകൂടി വിപുലമാക്കാവുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പറ്റിയ ബിസിനസ് ചെരുപ്പുകടയാണെന്ന് കാര്‍ത്തിക് പറഞ്ഞു. മുന്‍ നായകന്‍ എം എസ് ധോണിക്ക് പറ്റിയ ബിസിനസ് ക്രിക്കറ്റ് ടര്‍ഫോ ഫുട്ബോള്‍ ടര്‍ഫോ ആണ്. ക്രിക്കറ്റ് ടര്‍ഫ് നിറയെ ഉണ്ടെന്നതിനാല്‍ ഫു്ടബോളിലും ശോഭിക്കുന്ന ധോണിക്ക് ഫുട്ബോള്‍ ടര്‍ഫ് തുടങ്ങാവുന്നതാണെന്ന് കാര്‍ത്തിക് വ്യക്തമാക്കി.
ഇന്ത്യൻ താരം ആര്‍ അശ്വിന് പറ്റിയ ബിസിനസ് പുസ്തകക്കടയാണ്. വായനക്ക് ധാരാളം സമയം കണ്ടെത്തുന്ന ആളാണ് അശ്വിനെന്നും കാര്‍ത്തിക് വ്യക്തമാക്കി. ഇലക്ട്രോണിക്സ് കട തനിക്ക് പറ്റിയ ബിസിനസാണെന്നും പുതിയ ഗാഡ്ജറ്റുകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ കാര്‍ത്തിക് യുസ്‌വേന്ദ്ര ചാഹലിന് പറ്റിയ ബിസിനസ് ഐസ്ക്രീം പാര്‍ലറാണെന്നും വ്യക്തമാക്കി. ഭാരം കൂട്ടാന്‍ ധാരാളം ഐസ്ക്രീം കഴിക്കേണ്ട ആളാണ് ചാഹലെന്നും ഇന്ത്യൻ ടീമില്‍ മറ്റാര്‍ക്കെങ്കിലും അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു.
അവസാനമായി ഏറ്റവും അത്യാവശ്യമുള്ള ചായക്കട തുടങ്ങാന്‍ പറ്റിയ ആള്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണാണെന്നും കാര്‍ത്തിക് പറഞ്ഞു. കേരളത്തില്‍ ഒരുപാട് ചായക്കടകകളുണ്ടെന്നും സഞ്ജുവിന് പറ്റിയ ബിസിനസാണ് അതെന്നും കാര്‍ത്തിക് പറഞ്ഞു. സഞ്ജുവിന് ശരിക്കും ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്ന ബിസിനസാണ് അതെന്നും കാര്‍ത്തിക് വ്യക്തമാക്കി.