
മൈതാനത്തിന് പുറത്തേക്കും വ്യാപിച്ച രണ്ട് താരങ്ങളുടെ ബന്ധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) സോഷ്യല്‍ മീഡിയ ടീം. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍-2025 മത്സരത്തിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് തന്റെ സഹതാരം ആവേശ് ഖാന്റെ കുടുംബത്തെ കാണുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ക്രിക്കറ്റിനും അപ്പുറത്തേക്ക് വ്യാപിക്കുന്ന രണ്ട് കളിക്കാര്‍ തമ്മിലുള്ള ഹൃദയ ബന്ധമാണ് പന്ത് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘യേ അണ്ടര്‍-19 വാലി ദോസ്തി ഹേ’ എന്ന വാചകത്തോടെ എക്‌സില്‍ പങ്കുവെക്കപ്പെട്ട 42 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു. 2016-ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വെച്ച് ഇരുതാരങ്ങള്‍ക്കിടയിലും ഉണ്ടായ സൗഹൃദമാണ് കുടുംബത്തിലേക്കും എത്തിയത്.
പന്ത് ആവേശ് ഖാന്റെ മാതാപിതാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതും പിതാവിനെ ആലിംഗനം ചെയ്യുന്നതുമാണ് വീഡിയോ ക്ലിപ്പിന്റെ തുടക്കത്തില്‍ കാണുന്നത്. കുടുംബത്തിലെ കുട്ടികളുമായും താരം കുശലന്വേഷണം നടത്തുന്നത് കാണാം. ആവേശ് ഖാന്‍ നിങ്ങളെ കുറിച്ചെല്ലാം എല്ലായ്‌പ്പോഴും ഞങ്ങളോട് പറയാറുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നിങ്ങളുണ്ടെന്നും പന്ത് കുടുംബത്തോടായി പറയുന്നുണ്ട്. മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ സഹതാരങ്ങളായിരുന്ന ഇരുവരും ഐപിഎല്‍ പതിനെട്ടാം എഡിഷനില്‍ എല്‍എസ്ജിക്ക് വേണ്ടിയാണ് കളിക്കുന്നത്.