മന്ത്രിമാരുൾപ്പെടെ 52 ലേബർ പാർട്ടി എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ജോൺ ട്രിക്കറ്റ് എന്ന ലേബർ എംപി സർക്കാരിനെ എതിർത്ത് വോട്ട് ചെയ്തു
ലണ്ടൻ: പെൻഷനായവർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ. കെയിർ സ്റ്റാമർ സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതി പാർലമെന്റ് അംഗീകരിച്ചു. 53 അംഗങ്ങൾ വിയോജിച്ച് വിട്ടുനിന്നു. വെട്ടിക്കുറക്കൽ ബാധിക്കുക ഒരു കോടിയോളം പെൻഷൻകാരെയാണ്. കുറഞ്ഞ വരുമാനമുള്ളവർക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
348 പേർ പദ്ധതി നിർത്തലാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 120 പേർ എതിർത്തു വോട്ട് ചെയ്തു. മന്ത്രിമാരുൾപ്പെടെ 52 ലേബർ പാർട്ടി എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ജോൺ ട്രിക്കറ്റ് എന്ന ലേബർ എംപി സർക്കാരിനെ എതിർത്ത് വോട്ട് ചെയ്തു. ഇത് ജീവൻ മരണ പ്രശ്നമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇന്ധന ആനുകൂല്യം നൽകാറുള്ളത്. തണുപ്പിൽ നിന്ന് രക്ഷ നേടാനും വീട് ചൂട് പിടിപ്പിക്കാനും സൌകര്യങ്ങളൊരുക്കാനാണ് ഇത് നൽകുന്നത്. 200 മുതൽ 300 പൌണ്ട് വരെയാണ് വർഷത്തിൽ നൽകുന്നത്. ഏപ്രിലിൽ പെൻഷൻ 4 ശതമാനം വർദ്ധിപ്പിച്ചതിനാൽ ഇന്ധന ആനുകൂല്യം അവസാനിപ്പിച്ചത് കനത്ത ആഘാതമല്ലെന്നാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയത്.
പെൻഷൻകാരായ തങ്ങളെ സർക്കാർ കൊള്ളയടിക്കുന്നു എന്നാണ് പദ്ധതി നിർത്തലാക്കിയതിനെതിരെ 75കാരനായ ജോണ്‍ എന്നയാൾ പ്രതികരിച്ചത്. ഇത്രയും കാലം ലേബർ പാർട്ടിക്കാണ് വോട്ട് ചെയ്തതെന്നും ഇനി ചെയ്യില്ലെന്നും വിരമിച്ച അധ്യാപിക ജൂലിയറ്റ് പറഞ്ഞു.