വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് എംഎൽഎ സ്റ്റേഷനിലെത്തിയത്. പൊലീസിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് സി കെ ആശ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം: വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി.കെ. ആശ എംഎൽഎ രംഗത്ത്. എസ്എച്ച്ഒ കെ ജെ തോമസിനെതിരെ എംഎൽഎ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. പൊലീസ് ഓഫിസർ എംഎൽഎയെ അധിക്ഷേപിച്ചെന്നാണ് പരാതി. സ്റ്റേഷനിലെത്തി 2 മണിക്കൂർ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാൻ തയ്യാറായില്ലെന്നും അവൾ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎൽഎ പരാതിയിൽ പറയുന്നു. എസ്എച്ച്ഒക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിക്ക് പരാതി നൽകി. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് എംഎൽഎ സ്റ്റേഷനിലെത്തിയത്. പൊലീസിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് സി കെ ആശ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ എംഎൽഎ പറഞ്ഞു. എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും സി കെ ആശ പറഞ്ഞു. സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇന്നലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടത്തിയത്. ഇതിനെ എതിർത്ത എഐടിയുസി നേതാക്കളോട് പൊലീസ് മോശമായി പെരുമാറി എന്നാരോപിച്ചാണ് സിപിഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തിയത്.