ദുരന്തഭൂമിയിൽ ബാക്കിയാകുന്നത് വളർത്തുമൃഗങ്ങളാണ്. രാത്രിയിലും അവ തങ്ങളുടെ യജമാനന്മാരെ തെരഞ്ഞു നടക്കുകയായിരുന്നു.
തകർന്ന കെട്ടിടത്തിനുള്ളിലേക്ക് തല നീട്ടി പ്രിയപ്പെട്ടവരെ തെരയുന്ന വളർത്തുനായകൾ. മുണ്ടൈക്കൈ എന്ന ഗ്രാമം ഒന്നാകെ ഉരുൾപൊട്ടലിൽ തുടച്ചുനീക്കപ്പെട്ടപ്പോൾ, ദുരന്തഭൂമിയിൽ ബാക്കിയാകുന്നത് വളർത്തുമൃഗങ്ങളാണ്. രാത്രിയിലും അവ തങ്ങളുടെ യജമാനന്മാരെ തെരഞ്ഞുകൊണ്ടു നടക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ്.
ഇന്നലെ രാത്രി ഒരു മണിയോടെ രക്ഷാപ്രവർത്തകർ തെരച്ചിൽ നിർത്തി പോയിട്ടും രണ്ട് നായകൾ കെട്ടിടാവശിഷ്ടങ്ങൾക്കും മണ്‍കൂനകൾക്കുമിടയിൽ തെരഞ്ഞു തെരഞ്ഞു നടക്കുകയായിരുന്നു. നേരത്തെ ഷിരൂരിലും ഈ ദൃശ്യം കണ്ടിരുന്നു. ലക്ഷ്മണന്‍റെ ചായക്കടയിലുണ്ടായിരുന്ന നായ തെരച്ചിൽ നടക്കുന്ന എല്ലാ ദിവസങ്ങളിലും ഇതുപോലെ ദുരന്തഭൂമിയിലുണ്ടായിരുന്നു.
ചൂരൽമലയിൽ ഇന്ന് രാവിലെ ആറ് മണിയോടെ രക്ഷാദൗത്യം പുനരാരംഭിച്ചിരിക്കുകയാണ് സൈന്യം. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈനികരെത്തും. അഗ്നിശമനസേനയും തെരച്ചിൽ തുടങ്ങി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. സൈന്യത്തിന് സഹായവുമായി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.
151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി എട്ട് ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.