ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകന്‍ ടൈഗര്‍ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊലീസ് കാവലില്‍ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ അവിടെ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് ധാക്കയിലേക്കും അയക്കുകയായിരുന്നു. റോബിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബംഗ്ലാദേശിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയത്തില്‍ എത്താറുള്ള ടൈഗര്‍ റോബിയെന്ന ഇയാള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നും ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനും വ്യക്തമാക്കി.
വിമാനത്താവളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് പൊലീസ് കാവലില്‍ റോബിയെ ഡൽഹിയിലെത്തിച്ചത്.സെപ്റ്റംബര്‍ 18ന് ചികിത്സക്കെന്ന പേരില്‍ മെഡിക്കല്‍ വിസയിലാണ് ടൈഗര്‍ റോബി ബംഗാളിലെ ഹൗറയിലെത്തിയത്. ഇതിനുശേഷമാണ് ചെന്നൈയിലേക്കും കാണ്‍പൂരിലേക്കും ബംഗ്ലാദേശ് ടീമിന്‍റെ മത്സരം കാണാനായി യാത്ര ചെയ്തത്.