തെലങ്കാനയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ 2020 മുതൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ,കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ അഡ്മിഷൻ തേടുന്ന വിദ്യാർത്ഥികളുടെ കുറവ് അധ്യാപകരുടെ തൊഴിലിനെ ബാധിച്ചതായി റിപ്പോർട്ടുകൾ.
കോർ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾ എത്താത്തതിനെ തുടർന്ന് സീറ്റുകളുടെ എണ്ണത്തിൽ 70 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് കാരണം വർഷങ്ങളുടെ സേവന പരിചയമുള്ള അധ്യാപകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. കോളേജ് മാനേജ്മെന്റുകൾ അധ്യാപകരുടെ ശമ്പളം വെട്ടികുറക്കുകയും,പലരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ട അധ്യാപകരിപ്പോൾ ഡെലിവറി ഏജന്റുമാരായും , വഴിയോര കച്ചവടക്കാരുമായി ഉപജീവന മാർഗം തേടുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തെലങ്കാനയിൽ നിലവിൽ 86,943 എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. കമ്പ്യൂട്ടർ എൻജിനീയറിംഗിന് 61,587 സീറ്റുകളും സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് 7,458 സീറ്റും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് 4751 സീറ്റുകളുമാണ് ഉള്ളത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും കോർ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവാണ് ഉണ്ടാകുന്നത്.
ജോലി സാധ്യതയുള്ള AI, ഡാറ്റ സയൻസ്, സൈബർ സുരക്ഷ തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുത്തതിനാലാണ് സംസ്ഥാനത്തെ 175 ബി ടെക് കോളേജുകളിലെ കോർ എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണം 75 ശതമാനം വരെ കുറവുവരാൻ കാരണം.
“സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോൾ കോളേജുകൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു, വീണ്ടും 50 ശതമാനം വെട്ടികുറച്ചപ്പോൾ പലർക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. കുടുംബം നോക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ വന്നപ്പോഴാണ് ഫുഡ് ഡെലിവറിയിലേക്ക് തിരിഞ്ഞത്” മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകനായിരുന്ന അച്യുത് വി പറഞ്ഞു. താനിപ്പോൾ ഒരു ദിവസം 600 രൂപ സമ്പാദിക്കുന്നുണ്ടെന്നും, അധിക വരുമാനത്തിനായി ടൂ വീലർ ടാക്സി ഓടുന്നുണ്ടെന്നും അയാൾ പറയുന്നു.
പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ അധ്യാപകരുടെ ഈ വിഷയത്തിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന ആവശ്യം തെലങ്കാന ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എംപ്ലോയീസ് അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.