ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ് എംഎൽഎ. ചിറയിൻകീഴിൽ ഇന്നും നാളെയും ഉണ്ടാകുമെന്ന് രമ്യാ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദങ്ങൾക്ക് ശേഷം രമ്യ ഹരിദാസ് ഇന്ന് മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.
കയ്യാങ്കളിയെ തുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്‌ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസിന്റെ കത്ത്. മേയ് മുതൽ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇന്നലെയാണ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിലെത്തിയത്. കയ്യാങ്കളിയുണ്ടായ ഈ മാസം നാലാണ് കത്തിലെ തീയതി. രമ്യ ഹരിദാസ് നടത്തിയ ഈ നീക്കത്തിലാണ് കെപിസിസിയുടെയും നേതാക്കളുടെയും അതൃപ്തി.
വിവാദത്തിൽ സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴച്ചതിൽ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും അതൃപ്തിയുണ്ട്. അതേസമയം വിവാദങ്ങൾക്കിടെ മണ്ഡലത്തിൽ സജീവമാകാനാണ് രമ്യ ഹരിദാസിന്റെ തീരുമാനം. നാളെ എംഎൽഎ ഓഫീസിലുണ്ടാകുമെന്നാണ് അറിയിപ്പ്. എന്നാൽ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി അന്വേഷണസമിതിക്ക് മുന്നിൽ രമ്യാ ഹരിദാസ് ഇതുവരെ ഹാജരായിട്ടില്ല.






