എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന്‍ ട്വന്റിഫോറിനോട്. വീഴ്ച വരുത്തിയ എല്ലാവര്‍ക്കും എതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും നിയമം നടപ്പിലാക്കേണ്ടവര്‍ ആയാലും നടപടി ഉണ്ടാകുമെന്നും എഡിജിപി പറഞ്ഞു.
വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഏതെല്ലാം രീതിയില്‍ ഇന്‍വോള്‍വ്‌മെന്റ് ആര്‍ക്കൊക്കെ ഉണ്ടെങ്കിലും വീഴ്ചയുണ്ടെങ്കിലും അവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടി എടുക്കും. അത് ജഡ്ജ് ആയിരുന്നാലും വ്യത്യാസമുണ്ടാകില്ല. പൊലീസ് വിഷയം ഗൗരവതരമായാണ് എടുത്തിരിക്കുന്നത്. ആരുടെയടുത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും, അത് ജഡ്ജ് ആയിരുന്നാലും നിയമം നടപ്പിലാക്കുന്ന പൊലീസ് ആയാലും ശക്തമായ നടപടിയുണ്ടാകും. മറ്റുകാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയും – അദ്ദേഹം പറഞ്ഞു.
അതേസമയം, കാര്‍ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ടുണ്ട്. ജില്ലാ ചുമതലയുള്ള ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
17കാരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി പൊലീസ്. കുറ്റകരമായ നരഹത്യ ചുമത്തിയെന്നും, വാഹനം 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിനെതിരെയാണ് പൊലീസ് നീക്കം. പ്രതിചേര്‍ത്ത പതിനേഴുകാരന്റെ പിതാവ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തുടര്‍നടപടിയില്‍ തീരുമാനം ഇന്നുണ്ടാകും. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ്് ജഡ്ജിയുടെ മൊഴി.
സ്വന്തം ഇന്‍സ്റ്റാഗ്രാം പേജ് പതിനേഴുകാരന്‍ ഡിലീറ്റ് ചെയ്തു. മുന്‍പ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനായിരുന്നു ഇതെന്നാണ് വിവരം. പതിനേഴുകാരന്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കാന്‍ എംവിഡി നീക്കം നടത്തുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ്് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെന്‍സിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യും.






