കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പാക്കുന്ന ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം പരിഷ്കരണത്തിൽ വിദ്യാർഥികൾക്കും നിർണായക പങ്ക് നൽകും. ഫ്ലക്സി കരിക്കുലം നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ പഠന വകുപ്പിലും വിദ്യാർഥി പ്രാതിനിധ്യം ഉൾപ്പെടെയുള്ള ഡിപ്പാർട്ട്മെന്റ് കരിക്കുലം കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ ചേർന്ന ഫ്ലക്സി കരിക്കുലം ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡീൻമാർ, വകുപ്പ് മേധാവികൾ, വകുപ്പ് കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഓരോ പഠന വകുപ്പിലെയും പാഠ്യപദ്ധതിയുടെ 20 ശതമാനം ഫ്ലക്സി കരിക്കുലത്തിന്റെ ഭാഗമാക്കാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. വകുപ്പിലെ എല്ലാ അധ്യാപകരും തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഡിപ്പാർട്ട്മെന്റ് കരിക്കുലം കമ്മിറ്റിയുടെ ഭാഗമാകും.
ഓരോ സെമസ്റ്ററിലും ഫ്ലക്സി കരിക്കുലത്തിന്റെ ഭാഗമാക്കേണ്ട 20 ശതമാനം പഠനവിഷയങ്ങൾ അതത് ഡിപ്പാർട്ട്മെന്റ് കരിക്കുലം കമ്മിറ്റിക്ക് തീരുമാനിക്കാം. വകുപ്പുകളിൽ നടക്കുന്ന പ്രസക്തമായ ഗവേഷണങ്ങളും ഗവേഷണ പ്രബന്ധങ്ങളിലെ പുതിയ കണ്ടെത്തലുകളും ആവശ്യാനുസരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ഇതിലൂടെ സാധിക്കും.
വ്യവസായ, വാണിജ്യ, ഐ.ടി. മേഖലകളിൽ അതിവേഗം ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും അതത് കാലയളവിൽ തന്നെ വിദ്യാർത്ഥികളുടെ പഠനത്തിന്റെ ഭാഗമാക്കാൻ കഴിയുമെന്നതാണ് ഫ്ലക്സി കരിക്കുലത്തിന്റെ പ്രധാന സവിശേഷത. പരമ്പരാഗത പാഠ്യപദ്ധതി പരിഷ്കരണത്തിനായി ദീർഘകാലം കാത്തിരിക്കാതെ തൊഴിൽമേഖലയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പഠനവിഷയങ്ങളിൽ മാറ്റം വരുത്താനും പുതിയ വിഷയങ്ങൾ ഉൾപ്പെടുത്താനും ഇതിലൂടെ വകുപ്പുകൾക്ക് കൂടുതൽ അവസരം ലഭിക്കും.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫ്ലക്സിബിൾ കരിക്കുലം സംവിധാനം കുസാറ്റ് നടപ്പാക്കുന്നത്. നിർദ്ദിഷ്ട മാതൃകപ്രകാരം സിലബസിന്റെ 80 ശതമാനം പഠന ബോർഡ് നിർദേശിക്കുന്ന കോർ കരിക്കുലവും ശേഷിക്കുന്ന 20 ശതമാനം ഫ്ലക്സിബിൾ കരിക്കുലം ഘടകവുമായിരിക്കും. കോർ കരിക്കുലം അക്കാദമിക് നിലവാരവും നിയമപരമായ ആവശ്യകതകളും ഉറപ്പാക്കുമ്പോൾ, ഫ്ലക്സിബിൾ ഘടകം കാലാനുസൃതമായി പരിഷ്കരിച്ച് പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, അന്തർവിഷയ വിഷയങ്ങൾ, വ്യാവസായിക രീതികൾ, കേസ് സ്റ്റഡികൾ, സമകാലിക വികസനങ്ങൾ എന്നിവ ഉൾപ്പെടുത്താൻ കഴിയും.
ഫ്ലക്സിബിൾ കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ കണ്ടെത്തുന്നതിനും പാഠ്യപദ്ധതി പരിഷ്കരണത്തിന് അംഗീകാരം നൽകുന്നതിനുമുള്ള നടപടികൾ സുതാര്യമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പുതിയ വികസനങ്ങളും ഉയർന്നുവരുന്ന വിഷയമേഖലകളും കണ്ടെത്തി ഫ്ലക്സിബിൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വ്യവസായ വിദഗ്ധർക്കും പൂർവവിദ്യാർഥികൾക്കും അവസരമുണ്ടാകും.
വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, വ്യവസായ വിദഗ്ധർ, പൂർവവിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെ പഠനവും ഗവേഷണവും വ്യവസായമേഖലയുടെ മാറുന്ന ആവശ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ കരിക്കുലം സംവിധാനത്തിലൂടെ കുസാറ്റ് ലക്ഷ്യമിടുന്നത്.






