ഒരു സിനിമയുടെ ആദ്യഭാഗത്തിന് കിട്ടിയ നല്ല അഭിപ്രായത്തെ മോശമാക്കാതെ രണ്ടാംഭാഗം എടുക്കുക, വിജയിപ്പിക്കുക എന്ന കാര്യം എല്ലാ സംവിധായകർക്കും പറ്റിയെന്ന് വരില്ല. പക്ഷെ അമൽ നീരദിന് പറ്റും.
ഒരു പക്കാ അമൽ നീരദ് പടം. സ്ലോ മോഷൻ, പഞ്ച് ഡയലോഗ്, മാസ് എന്നിവയൊക്കെ വേണ്ടവിധം ചേർത്ത് തന്നെയാണ് ബാച്ചിലർ പാർട്ടി Deux അണിയിച്ചൊരുക്കിയിരിക്കുന്നത്.
കലാഭവൻ മണി, ആസിഫലി, ഇന്ദ്രജിത്ത്, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2012-ൽ അമൽ നീരദ് തന്നെ സംവിധാനം ചെയ്ത സിനിമയായിരുന്നു ബാച്ചിലർ പാർട്ടി. തിയറ്ററുകളിൽ വേണ്ടവിധം ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് ഡിവിഡി റിലീസിന് ശേഷം മലയാള സിനിമാചരിത്രത്തിലെ തന്നെ ഒരു കൾട്ട് ക്ലാസിക്കായി ആ സിനിമ മാറി. ആ കൾട്ട് ക്ലാസിക്കിൻ്റെ ആത്മാവ് ഒട്ടും ചോർന്നുപോകാതെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, നസ്‌ലിൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, ചന്തു സലിംകുമാർ, ലാൽ, ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, നദിയ മൊയ്തു, ഹൻസിക കൃഷ്ണകുമാർ, ജ്യോതിർമയി, പാരീസ് ലക്ഷ്മി എന്നിവർ അടങ്ങിയ വലിയൊരു സ്റ്റാർ കാസ്റ്റ് തന്നെയാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. എല്ലാവർക്കും കൃത്യമായ സ്ക്രീൻ സ്പേസും മാസ് മൊമെൻ്റുകളും നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
അമൽ നീരദ് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ, ക്രിസ്റ്റോ സേവ്യറിൻ്റെ മ്യൂസിക്, അപ്പു പ്രഭാകറിൻ്റെ വിഷ്വൽസ്, വിവേക് ഹർഷൻ്റെ എഡിറ്റിങ് എല്ലാംകൊണ്ടും ഒരു കംപ്ലീറ്റ് പാക്കേജ് അതാണ് ബാച്ചിലർ പാർട്ടി Deux. തിയറ്ററിൽ ആഘോഷിച്ചു കാണാൻ പറ്റിയ ഒരു ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് ചിത്രം.
ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ, അമൽ നീരദ് എന്നിവരാണ്. അമൽ നീരദ് പ്രൊഡക്ഷൻ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറിൽ അമൽ നീരദ് , അൻവർ റഷീദ്, ഫഹദ് ഫാസിൽ, നസ്രിയ നസീം, ജ്യോതിർമയി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.








