ഓഗസ്റ്റ് 15നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
ചില സിനിമകളുടെ റിലീസിനായി സിനിമാസ്വാദകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും. നടൻ, നടൻ- നടി കോമ്പോ, സംവിധായകൻ, സംവിധായകൻ- നടൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിലൊരു സിനിമയാണ് തങ്കലാൻ. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് വിക്രം. ഇതുവരെ കെട്ടിയാടാത്ത വേഷത്തിൽ വിക്രം എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം ആണ്. തങ്കലാന്റേതായി റിലീസ് ചെയ്ത പ്രമോഷൻ മെറ്റീരിയലുകൾക്ക് ലഭിച്ച വരവേൽപ്പ് തന്നെ അതിന് ഉദാഹരണം ആണ്.
കഴിഞ്ഞ ദിവസം ആയിരുന്നു തങ്കലാന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ച് മലയാളികളുടെ പ്രിയ നടി പാർവതി തിരുവോത്തിനെ കുറിച്ച് വിക്രം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണം എന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നുവെന്നും തങ്കലാനിലൂടെ അത് സാധിച്ചുവെന്നും വിക്രം പറയുന്നു.
“പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിൻ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാർവതി വന്നല്ലോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമയിൽ പറയുന്ന കാലത്ത് സ്ത്രീകൾ ജോലിയ്ക്ക് പോകും. അവർ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തിൽ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും. പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഇന്ത പടത്തിലും അപ്പടി താ ഇരുക്ക്. ഹീറോയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് പാർവതിയുടേത്. ഇമോഷണൽ സീൻസ് ഉൾപ്പടെയുള്ളവയിൽ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. അവർക്ക് ഒപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഒപ്പം നന്ദിയും അറിയിക്കുകയാണ്”, എന്നാണ് വിക്രം പറഞ്ഞത്. നടന്റെ വാക്കുകളെ തൊഴുകൈകളോടെയാണ് പാർവതി സ്വീകരിച്ചത്.
തങ്കലാനിൽ വിക്രമിന്റെ നായികയായിട്ടാണ് പാർവതി എത്തുന്നത്. ഈ വേഷം ചിത്രത്തിലെ ശക്തമായൊരു കഥാപാത്രമാണെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. 100 കോടിയാണ് സിനിമയുടെ ആകെ ബജറ്റ്. വിക്രമിനും പാർവതിയ്ക്കും ഒപ്പം മാളവിക മോഹനനും തങ്കലാനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.