ഡല്ഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോര്ട്ട് ചെയ്ത മാധ്യമപ്രവര്ത്തകര്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോചതിയെ സമീപിച്ച് കേരള യൂണിയന് ഓഫ് വര്ക്കിംഗ് ജേര്ണലിസ്റ്റ് (കെയുഡബ്ല്യുജെ). മാധ്യമപ്രവര്ത്തകരെ നിയമവിരുദ്ധമായി തടങ്കലില് വച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ കോടതിയുടെ അടിയന്തര ഇടപെടല് വേണമെന്നാണ് ആവശ്യം. ട്വന്റിഫോര് ചീഫ് റിപ്പോര്ട്ടര് സുഹൈല് മുഹമ്മദിനും ക്യാമറാമാന് വി എസ് രാഹുലിനെതിരായ പൊലീസ് അതിക്രമവും ഹര്ജിയില് പരാമര്ശിക്കുന്നുണ്ട്. (Police Atrocities Against Journalists: KUWJ Moves Supreme Court)
സിജെപിയും മറ്റ് വിദ്യാര്ഥി സംഘടനകളും ഒക്ടോബര് പത്തിനും പതിനൊന്നിനും നടത്തിയ പ്രതിഷേധത്തിനെതിരെ സമാനതകളില്ലാത്ത അടച്ചുപൂട്ടല് നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിഷേധം നടക്കുന്നയിടങ്ങളിലേക്കുള്ള പ്രവേശനം പൂര്ണമായി നിഷേധിക്കുകയും ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുക്കുകയും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെ തന്നെ നിഷേധിച്ചതും വലിയ രീതിയില് വിമര്ശിക്കപ്പെട്ടിരുന്നു. ഡല്ഹിയില് നടക്കുന്നതെന്തെന്ന് റിപ്പോര്ട്ട് ചെയ്ത മാധ്യമപ്രവര്ത്തകരെ കൂടി തടവിലാക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന കാഴ്ചകളും അന്ന് കണ്ടു. മാധ്യമപ്രവര്ത്തകര് തങ്ങളുടെ ഐഡി കാര്ഡ് കാണിച്ചിട്ടും അവരെ മോചിപ്പിക്കാന് തയ്യാറായില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനത്തിനെതിരായാണ് ഇപ്പോള് നിയമനടപടിയുമായി കെയുഡബ്ല്യുജെ മുന്നോട്ട് വന്നിരിക്കുന്നത്.
സംഘര്ഷം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകരെ തടങ്കലിലാക്കരുതെന്ന സുപ്രീംകോടതി നിര്ദേശം കാറ്റില്പ്പറത്തിക്കൊണ്ടായിരുന്നു ഡല്ഹി പൊലീസിന്റെ അതിക്രമം. നിരവധി മാധ്യമപ്രവര്ത്തകര്ക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങള് ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്ജി.








