പത്തനംതിട്ട: അടൂര് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണവുമായി ഓഡിയോളജിസ്റ്റായ യുവതി. രോഗികളുടെ മുന്നില് വച്ച് ഡോക്ടര് രചന തന്നെ അപമാനിച്ചെന്നും കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചെന്നും ഓഡിയോളജിസ്റ്റ് ക്രിസ്റ്റീന ബിനോയ് ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. അടൂര് താലൂക് ആശുപത്രിയിലെ എന്എച്ച്എമ്മിലെ ഓഡിയോളജിസ്റ്റയ ക്രിസ്റ്റീന ബിനോയിയാണ് പരാതിക്കാരി. കുറിപ്പടിയില്ലാതെ കുഞ്ഞിനെ പരിശോധിച്ചെന്ന് പറഞ്ഞായിരുന്നു ആശുപത്രി സൂപ്രണ്ട് മോശമായി പെരുമാറിയതെന്നാണ് ക്രിസ്റ്റീനയുടെ പരാതി. സൂപ്രണ്ട് ഡോ. രചനാ ചിദംബരം രോഗികളുള്പ്പെടെയുള്ളവരുടെ മുമ്പില്വച്ച് അപമാനിക്കുകയും മാനസികമായി പീഡിപ്പിച്ചെന്ന് ക്രിസ്റ്റീന പറഞ്ഞു.
അരമണിക്കൂര് നേരം മാനസികമായി പീഡനം തുടര്ന്നു. മാനസികപീഡനം സഹിക്കാനാവാതെ താന് തലകറങ്ങി വീണപ്പോള് പ്രാഥമിക ചികിത്സപോലും നല്കാതെ ക്രൂരതകാട്ടിയെന്നും അവര് ആരോപിച്ചു.
ജോലിയില് വീഴ്ച്ച വരുത്തിയെന്ന് കാണിച്ച് ക്രിസ്റ്റീനക്ക് ആശുപത്രി സൂപ്രണ്ട് മെമ്മോ നല്കി. ആരോഗ്യമന്ത്രി, ജില്ല മെഡിക്കല് ഓഫീസര് എന്നിവര്ക്ക് ക്രിസ്റ്റീന ബിനോയ് പരാതി നല്കി. അതേസമയം, ഓഡിയോളജിസ്റ്റിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലന്ന് സൂപ്രണ്ട് രചനാ ചിദംബരം പറഞ്ഞു.






