പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പത്തനംതിട്ട കാട്ടാമലയിലെ വീടുകളിൽ പരിശോധന നടത്തിയ സംഭവത്തിലായിരുന്നു, പൊലീസിനെതിരെ കെ പി ഉദയഭാനുവിന്റെ ഭീഷണി പ്രസംഗം. കെപി ഉദയഭാനുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു.
കേസ് കാണിച്ച് ഞങ്ങളെ വിരട്ടരുതെന്ന് കെ പി ഉദയഭാനു പറഞ്ഞു. അടിയന്തരാവസ്ഥയൊക്കെ നേരിട്ടവരാണ്. പാവപ്പെട്ടവരുടെ വീടുകളിൽ പൊലീസ് ഇരച്ചുകയറുകയാണ്. കിടപ്പുമുറിയിലൊക്കെ പൊലീസ് അതിക്രമിച്ചുകയറി. പാവപ്പെട്ടവർക്ക് മനുഷ്യാവകാശമില്ലേയെന്ന് അദേഹം പറഞ്ഞു. പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പൊലീസുകാർക്കും അമ്മയും പെങ്ങൻമാരുമില്ലെ എന്നാണ് ചോദിച്ചത്. അതിൽ സ്‌ത്രീവിരുദ്ധതയൊന്നുമില്ലെന്ന് ഉദയഭാനു കൂട്ടിച്ചേർത്തു.
ഭരണകൂട ഭീകരതക്കെതിരെയാണ് കെ പി ഉദയഭാനു പ്രതികരിച്ചതെന്ന് രാജു എബ്രഹാം ന്യായീകരിച്ചു. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതികരണം. സെർച്ച് വാറണ്ടില്ലാതെയാണ് മല്ലപ്പള്ളിയിൽ പൊലീസ് കടന്നുകയറിയത്. പൊലീസ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിരുന്നു. വീട് പൊളിച്ചുകയറിയ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.








