ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാതെയാണ് ക്ലാസുകൾ തുടങ്ങുന്നത്. തത്കാലിക കെട്ടിടത്തിലാണ് ഒന്നും മൂന്നും ക്ലാസുകൾ നടക്കുക. അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി എം ലിജു പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ പുനരാരംഭിക്കും വരെ സമരം തുടരുമെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
2,4 ക്ലാസുകളും താത്കാലികമായി പ്രവർത്തിക്കുന്നതും ഇതേ കെട്ടിടത്തിലാണ്. ഭരണിക്കാവ് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ക്ലാസുകൾ തുടങ്ങുന്നത്. ശാശ്വത പരിഹാരത്തിന് മാനേജ്മെൻ്റ് തയ്യാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇന്നലെ മന്ത്രി എം ലിജു മാനേജ്മെന്റ് പ്രതിനിധികളുമായി മാത്രം ചർച്ച നടത്തി മടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശാശ്വത പ്രശ്ന പരിഹാരത്തിന് വിദ്യാഭ്യാസ ഡയറക്ടറുമായി എം ലിജു കൂടിക്കാഴ്ച്ച നടത്തും.
മാനേജ്മെന്റ് അനാസ്ഥയെ തുടർന്ന് ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് ഐഡഡ് സ്കൂളിൽ അധ്യയനം നിലച്ചത്. 1916 മുതൽ കറ്റാനത്ത് പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻസ് എൽപി സ്കൂൾ 2009 ലാണ് ഓർത്തഡോക്സ് വലിയ പള്ളി മാനേജ്മെന്റ് വാങ്ങുന്നത്. ആദ്യകാലങ്ങളിൽ നന്നായി പ്രവർത്തിച്ചെങ്കിലും പതിയെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. കഴിഞ്ഞ ജൂൺ 30ന് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച ഒരു കെട്ടിടത്തിന്റെ ഫിറ്റ്നസും നഷ്ടമായി. ഇത് പുതുക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെ 1,3 ക്ലാസുകൾ അടച്ചു പൂട്ടി. അധ്യാപകരുടെ ജോലി പോയി. കെട്ടിടം പണിയാനോ, കുട്ടികൾക്ക് ബദൽ ക്ലാസുകൾ ഒരുക്കാനോ മാനേജ്മെന്റിന് താത്പര്യമില്ല. 41 കുട്ടികളുടെ ഭാവി വെള്ളത്തിലാവുകയുമായിരുന്നു.






