തിരുവനന്തപുരം: കർണാടകയിലെ ബിഡതിയിൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ, വിഷയം കർണാടക സർക്കാരിനെ അറിയിക്കാൻ കേരളം. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കും. കഴിഞ്ഞ ദിവസം ബസിന് നേരെയുണ്ടായ മുട്ടയേറിൽ ഫോറൻസിക് പരിശോധന ആവശ്യപ്പെടും. അപകടമുണ്ടായ സ്ഥലത്ത് പൊലീസ് പരിശോധന കർശനമാക്കാൻ കർണാടകയോട് ആവശ്യപ്പെടും.
ബസ് അപകടത്തിൽപ്പെടുത്താൻ മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്ന് തവണ മുട്ടയേറ് ഉണ്ടായി. ബസിൽ പന്ത്രണ്ട് യാത്രക്കാരുണ്ടായിരുന്നെന്ന് ഡ്രൈവർ സുരേഷ് പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണ്, മറ്റൊരു കെഎസ്ആർടിസി ബസിന് നേരെ കഴിഞ്ഞ ദിവസം അതിക്രമമുണ്ടായത്.
രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ, ദിവസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ ബസ് വീണ്ടും ഫോറൻസിക് പരിശോധന നടത്തണമെന്നും ആവശ്യപ്പെടും. അട്ടിമറി സാധ്യത പരിശോധിക്കനാണ് ഒരിക്കൽ കൂടി പരിശോധന നടത്തുന്നത്. കെഎസ്ആർടിസി നിയോഗിച്ച അന്വേഷണസംഘം പരിശോധന തുടരുന്നു. ബെംഗളൂരിലേക്ക് എത്തിയ അന്വേഷണസംഘം സംഭവത്തിൽ ഫോറൻസിക് വിവരങ്ങളും തേടിയേക്കും. അട്ടിമറി സാധ്യതയടക്കം മുന്നിൽ കണ്ടാണ് പരിശോധന.







