തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി നൽകിയ കുറിപ്പ് ചോർന്നു. മന്ത്രി പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകിയ കുറിപ്പാണ് പുറത്തുവന്നത്. നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാനാണ് നീക്കം. തദ്ദേശ വകുപ്പിന്റെ ഔദ്യോഗിക ലെറ്റർ പാഡിലായിരുന്നു മന്ത്രി കെഎം ഷാജിയുടെ കുറിപ്പ്. ഇക്കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു തദ്ദേശ വകുപ്പ് ഡയറക്ടറോട് ജീവനക്കാർക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഇടപെടൽ.
ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മന്ത്രി രഹസ്യമായി നൽകിയ കുറിപ്പ് പുറത്തുവന്നത്. ഓൺലൈൻ വഴി നടത്തേണ്ട സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 2026ലെ പൊതുസ്ഥലം മാറ്റത്തിനായി ഓൺലൈൻ വഴി തദ്ദേശ വകുപ്പ് അപേക്ഷ ക്ഷണിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. പട്ടികതയ്യാറാക്കി ആക്ഷേപങ്ങളും പരാതികളും പരിശോധിച്ചും സീനിയോറിറ്റി കണക്കിലെടുത്തുമാണ് സ്ഥലംമാറ്റം നടപ്പിലാക്കേണ്ടത്.
കഴിഞ്ഞ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളും സെൻസസ് നടപടികളും കാരണം പൊതുസ്ഥലം മാറ്റം നടത്താനായിട്ടില്ല എന്ന് മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ നേരിട്ടും രേഖാമൂലവും ഭരണസമിതി തീരുമാനം അനുസരിച്ചും സ്ഥലംമാറ്റം നടത്താൻ അഭ്യർത്ഥിച്ചതായി കുറുപ്പിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആയിരുന്നു ഡയറക്ടർക്കുള്ള കുറിപ്പിൽ മന്ത്രിയുടെ ആവശ്യം. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മന്ത്രിയുടെ ഇടപെടലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയർന്നിട്ടുണ്ട്.







