വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍. അനുമതി തേടിയുള്ള അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം വിശദമായ നിയമ പരിശോധനയ്ക്ക് ശേഷം മാത്രം കൈക്കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയെ കൊണ്ട് പഠനം നടത്താനും ആലോചനയുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പ് കൂടി പരിഗണിച്ചുകൊണ്ടാണ് നീക്കം. അദാനി ഗ്രൂപ്പ് – എംഎസ്‌സി ധാരണ സര്‍ക്കാര്‍ അറിവോടെയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതും വി ഡി സതീശന്‍ സര്‍ക്കാരിന്റെ തലവേദന കൂട്ടുന്നുണ്ട്. ( state government is extra cautious in taking further actions related to vizhinjam)
അദാനിക്കെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തിലെ വിഴിഞ്ഞം ഡീലെന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും എതിര്‍പ്പുകളും വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി സൂപ്പര്‍ പവറായിരിക്കാം എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്ന് കെ സി വേണുഗോപാല്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കുകയും അദാനി ഗ്രൂപ്പിനെ അപ്തി അറിയിക്കുകയും ചെയ്തത്.






