‘ഇനി സഹയാത്രികൻ അല്ല പാർട്ടിയുടെ ഭാഗം’; ഞാനും ഭാര്യയും സിപിഐഎം അംഗത്വം എടുക്കുന്നു: സ്ഥിരീകരിച്ച് കെ ടി ജലീൽ

ഇനി സഹയാത്രികൻ അല്ല പാർട്ടിയുടെ ഭാഗമെന്ന് കെടി ജലീൽ താനും ഭാര്യയും സിപിഐഎം പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് സ്ഥിരീകരിച്ച് കെടി ജലീൽ. പ്രസ്ഥാനത്തിന്റെ പ്രതിസന്ധി കാലത്ത് ഒപ്പം ചേരുകയെന്ന് സാമൂഹിക ഉത്തരവാദിത്വം. മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗത്വം എടുക്കാനാകില്ലെന്ന് വ്യാപക വ്യാജ പ്രചരണമുണ്ട്. അതിനെതിരായ പ്രതിരോധം കൂടിയാണ് തന്റെ പാർട്ടി അംഗത്വമെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ. എം. 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എൻ്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്

ഇനി സഹയാത്രികനല്ല
പാർട്ടിയുടെ ഭാഗം
എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് വിമർശന ശരങ്ങൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ(എം), വലതുപക്ഷ പിന്തിരിപ്പൻമാരാലും വർഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വർഗ്ഗീയ ഫാഷിസ്റ്റുകൾ ഫണം വിടർത്തി ആടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മുഴുവൻ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്ഫോമൊരുക്കി ആശയ രംഗത്തും കർമ്മ മേഖലയിലും അക്ഷരാർത്ഥത്തിൽ പൊരുതിനിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഇടതുപക്ഷ ചേരി ദുർബലമായാൽ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുർബല ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കുമാണെന്ന സത്യം പകൽവെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലമായപ്പോൾ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വർഷമാണ്. ഇപ്പോൾ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലതയോടെ നിലനിൽക്കണം.

കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തിൽ ജീവിത സാഹചര്യങ്ങൾ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമർശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും തുലനം ചെയ്യുമ്പോൾ നാട്ടുകാരെ പറ്റിക്കാതെയും ധാർമ്മിക ബോധം സ്വജീവിതത്തിൽ പ്രയോഗവൽക്കരിച്ചും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും. അപവാദമുണ്ടാകാം. ഞാൻ നിഷേധിക്കുന്നില്ല. അത്തരക്കാർ പക്ഷെ ന്യൂനാൽ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാൽ അവരെ മാറ്റി നിർത്താൻ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികൾ. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പൻമാരും ഏറ്റവും കുറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി എന്നർത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവർ. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.

മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.ഐ(എം)മ്മിൽ മെമ്പർഷിപ്പെടുക്കാൻ കഴിയില്ലെന്നും അത്തരക്കാർ മതത്തിൽ നിന്ന് പുറത്താണെന്നുമുള്ള വാദമുയർത്തി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗത്വമെടുക്കുന്നതിൽ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ അതതു വിഭാഗങ്ങളിലെ വർഗ്ഗീയ വിഷം ചീറ്റുന്നവർ നാട്ടിൽ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സി.പി.ഐ(എം)മ്മിൽ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.
ഒരാൾക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നിൽക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയർത്തിയിരിക്കുന്ന ഐക്യനിര എല്ലാ “മുൻധാരണ”കളെയും കീഴ്മേൽ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എൻ്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശം.

പ്രസ്ഥാനത്തിൻ്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ ചേരാനും ഒരുപാടുപേർ കാണും. എന്നാൽ പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കർഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സർക്കാർ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാർത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയിൽ അണിചേരുക എന്നത് ഓരോ മനുഷ്യ സ്നേഹിയുടെയും ജീവിത ധർമ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ