തൊഴിലാളികളെ ചൂഷണം ചെയ്തെന്ന കേസിൽ ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബമായ ഹിന്ദുജ കുടുംബാംഗങ്ങളെ തടവ് ശിക്ഷക്ക് വിധിച്ചിട്ടില്ലെന്നും അവർക്കെതിരായ മനുഷ്യക്കടത്ത് കുറ്റങ്ങൾ തള്ളിക്കളഞ്ഞതായും ഹിന്ദുജാസിൻ്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുജ കുടുംബത്തിലെ നാല് സ്വിസ് പൗരന്മാരായ കമൽ, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നിവരെ തടവ് ശിക്ഷക്ക് വിധേയരാക്കിയിട്ടില്ലെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സ്വിസ് നിയമ നടപടിക്രമങ്ങൾ അനുസരിച്ച്, കീഴ്ക്കോടതിയുടെ വിധി നടപ്പാക്കേണ്ടതില്ല, അതുകൊണ്ടുതന്നെ പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ നിരപരാധിത്വത്തിൻ്റെ പരിധിയിൽപ്പെടുമെന്നും വക്താവ് പറഞ്ഞു.
ഏറ്റവും ഗുരുതരമായ കുറ്റമായ മനുഷ്യക്കടത്ത് ആരോപണം കോടതി പൂർണ്ണമായും തള്ളിയിരുന്നുവെന്നും കേസിൽ ഇനി പരാതിക്കാരില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾക്ക് പോലും മനസ്സിലാകാത്ത പ്രസ്താവനകളിൽ ഒപ്പിടുന്നതിലേക്ക് നയിക്കപ്പെട്ടുവെന്ന് അവർ കോടതിയിൽ പറഞ്ഞിരുന്നു. നാല് ഹിന്ദുജ കുടുംബാംഗങ്ങൾ അവരോട് ബഹുമാനത്തോടെയും അന്തസ്സോടെയും കുടുംബത്തെപ്പോലെയും പെരുമാറിയെന്നും പരാതിക്കാർ പറഞ്ഞെന്നും വക്താവ് പറഞ്ഞു. തങ്ങൾക്ക് സ്വിസ് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്, സത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.