ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് അനാവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വിജിലന്‍സ് കോടതി ഉത്തരവ് വായിച്ചാല്‍ തന്നെ തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. 40 ദിവസം തന്ത്രിയെ ജയിലിലടച്ചതിന് എന്ത് മറുപടിയാണ് പറയാനുള്ളതെന്നാണ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ജാമ്യം ലഭിച്ചതല്ല തന്ത്രിക്ക്. തന്ത്രി കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതാന്‍ യാതൊരു കാരണവുമില്ല. ശബരിമലയില്‍ ഭരണപരമായ കാര്യങ്ങള്‍ക്കല്ല ദൈവീകമായ കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തിന് അധികാരമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (ramesh chennithala criticize arrest of thantri sabarimala gold case)
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തെ തനിക്ക് വിശ്വാസമായിരുന്നുവെങ്കിലും തന്ത്രിയുടെ കാര്യം വന്നപ്പോള്‍ ഒരു സംശയം തോന്നിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര വിഗ്രഹ കടത്തും സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കുന്ന ഒരു വിവരം വ്യവസായി അറിയിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ അത് അന്വേഷണസംഘത്തെ അറിയിച്ചു. തന്റെ ഉത്തരവാദിത്തം അവിടെ തീര്‍ന്നു. വ്യവസായിയുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
അതോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പതിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡ്രൈവര്‍ക്ക് കണ്ണുപോലും കാണാനാകാത്ത തരത്തിലാണ് ബസില്‍ മുഴുവനും പരസ്യങ്ങള്‍ നിറച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ സര്‍ക്കാരിന്റെ പരസ്യവണ്ടിയാക്കി മാറ്റുകയാണ്. ഇതുകൊണ്ടൊന്നും കെഎസ്ആര്‍ടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറിയ ഉമ്മന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. പി കെ ശശിയെ ഉള്‍പ്പെടെ പാര്‍ട്ടിയിലെത്തിച്ച് വിസ്മയമുണ്ടാക്കുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യം അറിയിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യും. പി കെ ശശി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
താന്‍ എഴുതി പൂര്‍ത്തിയാക്കിയ നോവല്‍ സംബന്ധിച്ച ചില അപ്‌ഡേറ്റുകളും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വെളിപ്പെടുത്തി. നിയോഗം എന്നാണ് തന്റെ നോവലിന്റെ പേര്. നോവല്‍ മാര്‍ച്ച് പകുതിയോടെ പുറത്തിറങ്ങും. അമേരിക്കയുടെ പശ്ചാത്തലത്തിലാണ് നോവല്‍. മനോരമ ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








