യൂറോ കപ്പില്‍ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഹാരികെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം, ഫിലി ഫോഡന്‍, സാക തുടങ്ങിയ താരനിരയുമായി ഇറങ്ങിയിട്ടും ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്കിനെതിരെ കൂടുതല്‍ ഗോളടിക്കാനായില്ല. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഡെന്‍മാര്‍ക്ക് 93 മിനിറ്റ് പൂര്‍ത്തിയാക്കിയത്. 18-ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരേ 34-ാം മിനിറ്റില്‍ മോര്‍ട്ടന്‍ ഹ്യൂല്‍മണ്‍ഡ് നേടിയ ഗോളില്‍ ഡെന്‍മാര്‍ക്ക് ഒപ്പം പിടിക്കുകയായിരുന്നു. മത്സരത്തില്‍ പന്തിന്മേലും ഗോളിലേക്കുള്ള ഷോട്ടുകളിലും ഡെന്‍മാര്‍ക്കിനായിരുന്നു ആധിപത്യം. സമനിലയോടെ ഗ്രൂപ്പ് സിയില്‍ നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടു പോയന്റ് വീതമുള്ള ഡെന്‍മാര്‍ക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇതോടെ സി ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ നിര്‍ണായകമായി.
സ്ലൊവേനിയക്കെതിരേ സമനിലയില്‍ കലാശിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഡെന്‍മാര്‍ക്ക് സ്റ്റാര്‍ട്ടിങ് ഇലവനെ ഇറക്കിയത്. അലക്സാണ്ടര്‍ ബായ്ക്ക് പകരം യോക്കിം മെയ്ലെ ആദ്യ ഇലവനിലെത്തി. സെര്‍ബിയക്കെതിരേ വിജയം നേടിയ അതേ ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യ മത്സരത്തിലേതിനു സമാനമായി തുടക്കത്തില്‍ താളംകണ്ടെത്താന്‍ ഇംഗ്ലീഷ് ടീം ബുദ്ധിമുട്ടി. ഇംഗ്ലണ്ടിന്റെ യുവ താരം ജൂഡ് ബെല്ലിങ്ങാമിനെ കളിക്കാന്‍ വിടാതെ പൂട്ടിയ ഡെന്‍മാര്‍ക്ക് തന്ത്രം ഫലംകണ്ടു. ഈ തക്കത്തില്‍ ഫോഡന്‍ കളിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല.
18-ാം മിനിറ്റില്‍ ഡെന്‍മാര്‍ക് സഹതാരത്തിന്റെ മൈനസ് പാസ് നിയന്ത്രിക്കുന്നതില്‍ വിക്ടര്‍ ക്രിസ്റ്റ്യന്‍സന്‍ വരുത്തിയ പിഴവ് മുതലെടുത്ത് ഓടിവന്ന് പന്ത് റാഞ്ചിയ കൈല്‍ വാക്കറുടെ ഇടപെടലാണ് ഗോളിന് വഴിയൊരുക്കിയത്. വാക്കറുടെ മുന്നേറ്റത്തില്‍ ഡാനിഷ് പ്രതിരോധം ചിതറിപ്പോയി. വാക്കര്‍ നല്‍കിയ പന്ത് ബുക്കായോ സാക്ക ടാപ് ചെയ്ത് നീട്ടിയത് ഹാരി കെയ്നിന്റെ കാലിലേക്ക്. കെയ്ന്‍ പന്ത് അനായാസം വലയിലെത്തിച്ചു.
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ഡെന്‍മാര്‍ക് 34-ാം മിനിറ്റില്‍ മറുപടി ഗോളുമായെത്തി. ത്രോ ഇന്‍ ചെയ്യുന്നതിനിടെ പന്ത് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ പിഴവാണ് ഗോളിന് വഴിവെച്ചത്. പന്ത് പിടിച്ചെടുത്ത വിക്ടര്‍ ക്രിസ്റ്റ്യന്‍സന്‍ അത് മോര്‍ട്ടന്‍ ഹ്യുല്‍മണ്‍ഡിന് നീട്ടി. 30 വാര അകലെനിന്നുള്ള ഹ്യുല്‍മണ്‍ഡിന്റെ കിടിലന്‍ ഷോട്ട് പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. ഈ ഷോട്ട് പ്രതീക്ഷിക്കാതിരുന്ന ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്റെ നെടുനീളന്‍ ഡൈവിനും പന്തിനെ തടയാനായില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഡെന്‍മാര്‍ക്ക് തുടര്‍ച്ചയായി ഇംഗ്ലണ്ട് ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഇംഗ്ലീഷ് കീപ്പര്‍ പിക്ഫോര്‍ഡിന്റെ തകര്‍പ്പന്‍ സേവുകള്‍ ഗ്യാലറികളെ ഇളക്കുന്നതിനൊപ്പം ഇംഗ്ലണ്ടിനെയും കാത്തു.