കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തില്‍ പക്ഷേ ലയണല്‍ മെസി അവസരങ്ങള്‍ പാഴാക്കി. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസും സ്‌കോര്‍ ചെയ്തപ്പോള്‍ മെസിക്ക് രണ്ട് തുറന്ന അവസരങ്ങള്‍ മുതലാക്കാനായില്ല. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ കടുത്ത വെല്ലുവിളിയാണ് മത്സരത്തിന്റെ അവസാനം വരെ അര്‍ജന്റീനക്ക് മേല്‍ ഉയര്‍ത്തിയത്.
മത്സരം തുടങ്ങിയത് മുതല്‍ ലോക ചാമ്പ്യന്‍മാരെ ഭയക്കാതെയുള്ള മെയ് വഴക്കത്തിലായിരുന്നു കാനഡയുടെ നീക്കങ്ങള്‍. മെസിയും അല്‍വാരസും ഡീമരിയയും ചേര്‍ന്ന് മെനയുന്ന നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ കാനഡ വിജയിച്ചു. ഒമ്പതാം മിനിറ്റില്‍ കാനഡയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്ത് മുന്നേറിയ ഡി മരിയക്ക് ലക്ഷ്യം കാണാനായില്ല. ഡി മരിയ തൊടുത്ത ഷോട്ട് കാനഡ കീപ്പര്‍ സുന്ദരമായി പിടിച്ചെടുത്തു.