
ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്
ദില്ലി: മെട്രോ ട്രാക്കിലൂടെ ഇറങ്ങി ഓടിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി രക്ഷപ്പെടുത്തി. ദില്ലി മെട്രോയിൽ രാജേന്ദ്ര നഗർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. രണ്ട് ട്രാക്കുകളിലൊന്നിലേക്ക് ട്രെയിൻ വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു യുവതി ട്രാക്കിലേക്ക് ചാടി ഓടിയത്. ആദ്യം അമ്പരന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെ ചാടി യുവതിയെ പിടികൂടുകയായിരുന്നു.
ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു ട്രെയിൻ ട്രാക്കിലേക്ക് വന്ന് നിൽക്കുന്നതും ഇതിനിടെ യുവതി രണ്ടാമത്തെ ട്രാക്കിലേക്ക് ചാടി ഇറങ്ങി ഓടുന്നതുമാണ് വീഡിയോ. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ പിന്നാലെ ഓടുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ പിന്നാലെയെത്തിയാണ് ട്രാക്കിൽ നിന്നും പിടിച്ച് മാറ്റിയത്.
യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കൌൺസിലിംഗിന് വിധേയയാക്കിയതായും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളെ ഏൽപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.