ഡൽഹി: സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്.
താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹിയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരുന്നതിനാല്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോയിലാണ് അഭിജീത് ദീപ്കെ സമരത്തിന്റെ ചുമതലയില്‍ അജിങ്ക്യ ഷിന്‍ഡെയെ നിയോഗിക്കുന്നതായി അറിയിച്ചത്. ജന്തർമന്തറിലേക്ക് മാർച്ച് ചെയ്യാൻ ആഹ്വാനം ചെയ്ത് അജിങ്ക്യാ ഷിൻഡെ രംഗത്തെത്തി. എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരാൻ നിർദേശം നൽകി.
സിജെപിയുടെ ദേശീയ സംഘടന ചുമതല വഹിക്കുന്ന നേതാവാണ് 35 കാരനായ അജിങ്ക്യ ഷിൻഡെ. അഭിജിത് ദീപ്കേയുമായി വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹം നേരത്തേ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. എഎപിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു.
കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഷിൻഡെ ആം ആദ്മിക്ക് വേണ്ടി പ്രവർത്തിച്ചത്. ആം ആദ്മിയിൽ ചേർന്ന ഷിൻഡെ തുടർന്ന് ഗോവയിൽ ആം ആദ്മിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.2016 ലാണ് അഭിജിത് ദീപ്കെയുമായി ഷിൻഡെ സൌഹൃദത്തിലാകുന്നത്. സിജെപിയുടെ രൂപീകരണത്തിൻ്റെ തുടക്കം മുതൽ ടീമിൻ്റെ ഭാഗമാണ് ഷിൻഡെ.
സിജെപിയുടെ നേതൃത്വത്തിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന ആദ്യ ജന്തർ മന്തർ പ്രക്ഷോഭത്തിലും നിർണായ ഇടപെടൽ ഷിൻഡെ നടത്തിയിരുന്നു. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച സ്കൂൾ ‘ടീക്ക് കരോ’ എന്ന സിജെപി ക്യാമ്പെയ്നെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് മുംബൈയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഷിൻഡെയുടെ നേതൃത്വത്തിലായിരുന്നു സിജെപി സമരം നടത്തിയത്.






