ഇന്ന് ലോക പ്രമേഹ ദിനം. ലോകത്ത് 537 ദശലക്ഷം ആളുകൾ പ്രമേഹ ബാധിതരെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. മനുഷ്യനെ പതിയെ കാർന്നു തിന്നുന്ന ഈ രോഗത്തോട് പൊരുതാനുള്ള സന്ദേശമാണ് ഈ ദിനം നമുക്ക് നൽകുന്നത്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.
രാജ്യത്തെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. സംസ്ഥാനത്തെ പ്രമേഹരോഗികളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. നഗരവാസികളേക്കാൾ, ഗ്രാമ പ്രദേശങ്ങളിൽ ജീവിക്കുന്നവരിലാണ് പ്രമേഹം ബാധിക്കുന്നത്.
ടൈപ്പ് വൺ പ്രമേഹം തടയാൻ പറ്റുന്നതല്ല. എന്നാൽ ആരോഗ്യകരമായ ക്രമീകരണങ്ങളിലൂടെ ഒരു പരിധി വരെ തടയാനാവുന്നതാണ് ടൈപ്പ് ടു പ്രമേഹം. ആരോഗ്യകരമായ ഭക്ഷണശീലം, പതിവായ വ്യായാമം, പുകവലി പോലുള്ള ദുഃശീലങ്ങൾ ഉപേക്ഷിക്കൽ തുടങ്ങിയവ പ്രമേഹത്തെ അകറ്റി നിർത്തും. പുകവലി ഉപേക്ഷിക്കുന്നതിലൂടെ മാത്രം പ്രമേഹ സാധ്യത നാല്പതു ശതമാനത്തോളം കുറക്കാം. അന്ധത , വൃക്ക പ്രവർത്തനരഹിതമാകൽ , ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി കാലുകൾ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് വരെ പ്രമേഹം നമ്മെ എത്തിക്കുന്നു.
ആരോഗ്യ സാക്ഷരതയില്ലായ്മയാണ് പ്രമേഹം മലയാളികളെ ഇത്രയധികം ബാധിയ്ക്കാൻ കാരണം. ഏവർക്കും ചിലവുകുറഞ്ഞതും ഫലപ്രദവുമായ ചികിത്സ സൗകര്യങ്ങൾ ഉറപ്പു വരുത്താനായി “തടസങ്ങൾ മാറ്റൽ, വിടവുകൾ നികത്തൽ, എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെ മുദ്രാവാക്യം.