പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു എന്നാണ് വിമർശനം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചിലത് തുറന്നു പറയുമെന്നും ഉമ്മർ ഫൈസി മുക്കം.
സമസ്ത – മുസ്‌ലിം ലീഗ് ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക് പോകുന്നുവെന്ന സൂചന നൽകിയാണ്, ഉമർ ഫൈസി മുക്കത്തിൻ്റെ രൂക്ഷവിമർശനം. ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെ ചിലർ ഖാസിയാകാൻ ശ്രമിക്കുന്നു. സമസ്തയിലെ ചിലർ ഇതിന് പിന്തുണ നൽകുകയാണ്. രാഷ്ട്രീയത്തിൻ്റെ പേരിൽ ഖാസി ആകാൻ ശ്രമം നടക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്ക് അലി തങ്ങൾക്ക് എതിരെ പരോക്ഷ വിമർശനമുയർന്നു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളോട് ചിലത് തുറന്നു പറയും. സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് ലീഗ് അംഗീകരിച്ചില്ല. ലീഗ് കരുതി ഇരുന്നോളൂവെന്നും ഉമർ ഫൈസി മുക്കം മുന്നറിയിപ്പ് നൽകി.
സഹകരിച്ച് പോകുന്നതാണ് രാഷ്ട്രീയപാർട്ടികൾക്ക് നല്ലതെന്നും ഉമർ ഫൈസി മുക്കം. മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഉമ്മർ ഫൈസി മുക്കം അതിരൂക്ഷ വിമർശനമുന്നയിച്ചത്.