വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അധികാരമമേറ്റെടുക്കാനിരിക്കെ വയനാടിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് നിയുക്ത മന്ത്രി ഒ ആര്‍ കേളു. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഒ ആര്‍ കേളു ട്വന്റിഫോറിനോട് പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കാന്‍ ശ്രമിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തന്നാലാകുന്നതുപോലെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോറിന്റെ ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ അതിഥിയായി തത്സമയം ചേര്‍ന്നുകൊണ്ടായിരുന്നു നിയുക്തമന്ത്രിയുടെ പ്രതികരണം. (O R Kelu on his plans for wayanad as a minister)
വയനാട്ടില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുവരികയാണെന്ന് ഒ ആര്‍ കേളു പറഞ്ഞു. ചുരമിറങ്ങാതെ തന്നെ വയനാട്ടുകാര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. പട്ടിക വര്‍ഗത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകുന്നില്ല. തന്റെ മുന്നിലുള്ള 24 മാസം കൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പറ്റുന്നതെല്ലാം ചെയ്യുമെന്നും ഒ ആര്‍ കേളു പറഞ്ഞു.
വയനാട്ടിലെ നീറുന്ന പ്രശ്‌നമായ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ശുഭപ്രതീക്ഷകള്‍ തന്നെയാണ് ഒ ആര്‍ കേളു പങ്കുവച്ചത്. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് പ്രാദേശികമായി ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശക്തമായി തന്നെ ചെയ്യും. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഏതെങ്കിലും മന്ത്രിയ്‌ക്കോ സര്‍ക്കാരിനോ മാത്രം കണ്ടെത്താന്‍ കഴിയില്ല. 72ലെ വനനിയമവും വൈല്‍ഡ് ലൈഫ് ആക്ടിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാകണം. എങ്കിലേ ശാശ്വത പരിഹാരം ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ രാധാകൃഷ്ണന്‍ ലോക്‌സഭാ എംപിയായ പശ്ചാത്തലത്തിലാണ് ഒ ആര്‍ കേളു മന്ത്രിയാകുന്നത്.