അലിൻ രാജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. ഇനിയും ഒരാഴ്ചയെങ്കിലും ആകുമെന്നാണ് കാനഡയിൽ നിന്ന് അറിയിപ്പ് കിട്ടിയിരിക്കുന്നത്.
കാനഡയിൽ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ് പാലക്കാട് കിഴക്കഞ്ചേരിയിലെ കുടുംബം. ഒന്നര വർഷം മുമ്പ് കാനഡയിലേക്ക് പഠനത്തിനായി പോയ അലിൻ രാജ് കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കുമ്പോഴാണ് മുങ്ങി മരിച്ചത്.
അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ് കാനഡയിലേക്ക് പോയത്. കഴിഞ്ഞ തിങ്കളാഴ്ച കൂട്ടുകാർക്കൊപ്പം പുറത്തു പോയതാണ്. ബീച്ചിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തകരെത്തി തെരച്ചിൽ നടത്തിയെങ്കിലും അലിനെ രക്ഷിക്കാനായില്ല.
കോഴ്സ് കഴിയാൻ ഇനിയും ഒന്നര വർഷം കൂടി ഉണ്ടായിരുന്നു. നല്ല ജോലി നേടണം. അമ്മയെ നോക്കണം. സ്വന്തമായി വീട് വെക്കണം- പ്രതീക്ഷകൾ ഏറെയായിരുന്നു. അലിൻ രാജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇനിയും ഒരാഴ്ചയെങ്കിലും ആകുമെന്നാണ് കാനഡയിൽ നിന്ന് അറിയിപ്പ് കിട്ടിയിരിക്കുന്നത്.